അഞ്ജു പാർവ്വതി പ്രഭീഷ്
മിനിസ്ക്രീനിലെ ഒരു റിയാലിറ്റി ഷോ കണ്ട് കണ്ണ് നിറഞ്ഞു തുളുമ്പിയതും ഹൃദയം തകർന്ന് നുറുങ്ങിയതും ഇന്നലെയായിരുന്നു.ബിഗ് ബോസ് മലയാളം സീസൺ 2 ഷോ തുടങ്ങുമ്പോൾ വെള്ളിവെളിച്ചത്തിന്റെ താരപ്പകിട്ടോ റാമ്പുകളിലെ നിറപ്പകിട്ടോ അവകാശപ്പെടാനില്ലാതെ അധ്യാപകവൃത്തിയെന്ന ഏറ്റവും മഹത്തരമായൊരു തൊഴിലിന്റെ മികവുമായി മാത്രം വന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ എത്ര വേഗത്തിലാണ് ജനഹൃദയങ്ങളെ കീഴടക്കിക്കളഞ്ഞത്’. പ്രേക്ഷകസ്നേഹവും പിന്തുണയും ഉയർന്ന വോട്ടിംഗ് ശതമാനവും കൊണ്ട് ഹൃദയബന്ധങ്ങൾക്ക് രക്തബന്ധത്തിനൊപ്പം സ്ഥാനമുണ്ടെന്ന് രജിത് എന്ന മത്സരാർത്ഥി പൊതുസമൂഹത്തിനു മുന്നിൽ കാണിച്ചുതരുകയായിരുന്നു ഈ ഷോയിലൂടെ ഇത്രയും നാൾ. ഇന്നലെയോടെ അതങ്ങ് ഭംഗിയായി അവസാനിച്ചു.ഇനി ഏഷ്യാനെറ്റായി,ബിഗ് ബോസായി അവരുടെ പാടായി.
ബിഗ് ബോസ് ഷോ എന്നത് വെറുമൊരു റിയാലിറ്റി ഷോ മാത്രമായിരുന്നില്ല. മറിച്ച് മനുഷ്യജീവിതത്തിന്റെ വികാരവിചാരധാരകളെയും ചെയ്തികളെയും അറിഞ്ഞും അറിയാതെയും ക്യാമറയ്ക്കുളളിൽ പകർത്തി പുറംലോകത്തെത്തിച്ച് ഇഴകീറി പരിശോധിക്കാനും വിശകലനം ചെയ്യാനുമായി പൊതുസമൂഹത്തിനു മുന്നിൽ തുറന്നിട്ടിരിക്കുന്ന വേദി കൂടിയായിരുന്നു അത്. ഈ വിശകലനം ചെയ്യലിലും വിലയിരുത്തലുകളിലും ചാനലിനോ ബിഗ്ബോസിനോ അവതാരകാരനോ ഉള്ളതിനേക്കാൾ കൂടുതൽ പ്രസക്തി പ്രേക്ഷകസമൂഹത്തിനു മാത്രമായിരുന്നു ഇന്നലെ വരെയും ഉണ്ടായിരുന്നത്.അല്ലെങ്കിൽ അങ്ങനെ തന്നെയായിരുന്നു ഓരോ പ്രേക്ഷകനും ഇന്നലെ വരെ ധരിച്ചിരുന്നത്.പക്ഷേ ഒരൊറ്റ എപ്പിസോഡ് കൊണ്ട് മൊത്തം ധാരണകളുടെയും പൊളിച്ചെഴുത്ത് നടത്തി ഈ പരിപാടി.
” എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ലാലേട്ടാ..രേഷ്മയുടെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഈ രണ്ടു കണ്ണുകളും ദാനം ചെയ്യാൻ ഞാൻ തയാറാണ്.പശ്ചാതാപവിവശനായി തെറ്റ് ഏറ്റുപറഞ്ഞ ഒരു മനുഷ്യനോട് ഈ ചാനൽ കാണിച്ച നെറികേടിനോട് കണ്ടില്ലെന്നു നടിക്കാനും പ്രതികരിക്കാതിരിക്കാനും പ്രേക്ഷകസമൂഹത്തിനു കഴിയില്ല.
ഈ രീതിയിൽ അപമാനിക്കപ്പെട്ട് പുറത്ത് പോകേണ്ടിയിരുന്ന വൃക്തിയാണോ രജിത് സാർ? ഇങ്ങനെ പുറത്താക്കാനായിരുന്നുവെങ്കിൽ എന്തിനായിരുന്നു ഞങ്ങൾ പ്രേക്ഷകരുടെ വോട്ടിംഗ്? അതിനും വേണ്ടിയുള്ള മഹാപരാധമാണോ ആ ടാസ്കിനിടയ്ക്ക് സംഭവിച്ച കൈപ്പിഴ? അങ്ങനെയെങ്കിൽ ഞങ്ങൾ പ്രേക്ഷകർ അങ്ങാട്ട് ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം തന്നേ തീരു ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ചാനലായ ഏഷ്യാനെറ്റ്.
ബിഗ്ബോസ് ഹൗസിൽ തീർത്തും ആരോഗ്യവാനായി കയറിവന്ന ഒരു മനുഷ്യനെ കൈയൊടിഞ്ഞ കോലത്തിൽ ആക്കിയത് ആര്? ഒരു ടാസ്കിനിടയിൽ അദ്ദേഹത്തെ ചവിട്ടിയരച്ച , കൈവിരലൊടിച്ച ഫുക്രുവിന് എന്ത് ശിക്ഷയാണ് നിങ്ങൾ നല്കിയത്? പന്നിക്കൂട്ടത്തിൽ നിന്നു വന്നവനെന്നും ചെറ്റയെന്നും കുഷ്ഠരോഗം ബാധിച്ച മനസ്സിനുടമയെന്നും അദ്ദേഹത്തെ വിളിച്ച് അപമാനിച്ചവർക്ക് എന്ത് ശിക്ഷാനടപടിയാണ് നേരിടേണ്ടി വന്നത്? വൈദ്യശാസ്ത്രമെന്ന ദൈവത്തിന്റെ സ്വന്തം ശാസ്ത്രം സ്വായത്തമാക്കിയ എത്രയോ പേരുടെ ഗുരുനാഥനായ അദ്ദേഹത്തെ സ്യൂഡോ സയസുകാരനെന്ന് നാഴികയ്ക്ക് നാല്പ്പതുവട്ടം വിളിച്ചവൾക്കെതിരെ എന്ത് നടപടി എടുത്തു?സ്ത്രീവിരുദ്ധതയുടെ അങ്ങേയറ്റം താണ്ടിയ ഒരുത്തനെ കഴിഞ്ഞ സീസണിലെ വിന്നർപട്ടം നല്കി അവരോധിച്ച ഈ പരിപാടിയുടെ അണിയറപ്രവർത്തകർക്ക് രജിത് സാറിനെ പ്പോലൊരു വ്യക്തിയെ അഞ്ചുദിവസം ഇരുട്ടറയ്ക്കുള്ളിൽ ഇടാൻ ആര് അധികാരം നല്കി.?
ഷോ തുടങ്ങിയ ദിനം മുതൽ ഹൗസിലെ കുടുംബാംഗങ്ങളുടെ ഏകപക്ഷീയമായ ആക്രമണങ്ങളും അവഹേളനങ്ങളും മാത്രം ഏറ്റു വാങ്ങിയ ആ മനുഷ്യന്റെ ഫാൻ ബേസ് ഒന്നുക്കൊണ്ടു മാത്രമാണ് ഈ ഷോ ഇത്രയും നാൾ മുന്നോട്ടുപ്പോയത്.അദ്ദേഹത്തിന്റ ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗ
വീഡിയോയിലെ ഒരു മിനിറ്റ് നേരം മാത്രമുള്ള ക്ലിപ്പ് എടുത്ത് നാഴികയ്ക്ക് നാല്ലതുവട്ടം സ്ത്രീവിരുദ്ധൻ എന്ന് പരാമർശിക്കുന്ന രജിത് ഹേറ്റേഴ്സ് കണ്ടറിഞ്ഞ കാര്യമാണ് ആ മനുഷ്യന്റെ ആരാധകരിൽ മുക്കാൽ ശതമാനവും സ്ത്രീപ്രേക്ഷകരാണെന്ന്.
രജിത് സാറെന്നെ വ്യക്തിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ല ആടിനെ പട്ടിയാക്കാൻ കഴിവുണ്ടെന്നു ഡൽഹി കലാപസമയത്തെ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ കാട്ടിത്തന്ന ഈ ചാനലിന്. രജിത് ഫൗണ്ടേഷനു കീഴിൽ വരുന്ന കരുണാലയത്തെക്കുറിച്ചും സൗജന്യവിഭ്യാഭ്യാസ-പരീക്ഷാ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ പരിപാടിയുടെ അണിയറപ്രവർത്തകർക്ക് കഴിവില്ലാതെ പോയി.
രജിത് സാറെന്നെ പച്ചമനുഷ്യനു നാൾക്കുനാൾ വർദ്ധിച്ചുവന്ന ഫാൻ പവറിനു ആധാരം ബിഗ് ബോസ് ഹൗസ് സീസൺ 2വിലെ അദ്ദേഹത്തിന്റെ ബ്രില്യൻസിനൊപ്പം അദ്ദേഹമെന്ന മനുഷ്യനിലെ വളരെ വലിയ മനസ്സും അതിലെ നന്മയും കൊണ്ടാണ്. പരോപകാരമേ പുണ്യമെന്ന ഭാഗവതതത്വത്തെ സ്വജീവിതത്തിലൂടെ കാണിച്ചുത്തരുന്ന ആ നന്മമരത്തെ തളർത്താൻ നിങ്ങളുടെ എലിമിനേഷനു കഴിയില്ല.അദ്ദേഹം ഈ പരിപാടിയിൽ വന്നത് പ്രശസ്തനാകാനോ സ്വന്തം നിലനില്പ്നോക്കിയോ ആയിരുന്നില്ല.മറിച്ച് കിട്ടുന്ന പണം കൊണ്ട് ഒരുപാട് പേരുടെ കണ്ണുകൾ തുടയ്ക്കാനായിരുന്നു.ഒരുപാട് വയറുകൾക്ക് അന്നമെത്തിക്കാനായിരുന്നു.
ലാലേട്ടൻ എന്ന എന്റെ ചങ്കിടിപ്പിനോട് അങ്ങേയറ്റത്തെ സ്നേഹം കാത്തുസൂക്ഷിച്ചുക്കൊണ്ടു തന്നെ പറയട്ടെ, ഇന്ന്ലെ കാണിച്ച ആ വകതിരിവില്ലായ്മയ്ക്കു അങ്ങും ഒരു നിമിത്തമായിപ്പോയതിൽ വല്ലാത്തൊരു വിഷമമുണ്ട്.എൻഡമോൾഷൈൻ എന്ന മെഗാ ബ്രാന്റ് കുത്തകാവകാശമെടുത്ത ഈ പരിപാടിയുടെ അവതാരകനായ ലാലേട്ടനു ഈ എലിമിനേഷനിൽ യാതൊരു മനസ്സറിവും കാണില്ല എന്നറിയാം.പക്ഷേ എലിമിനേഷൻ എപ്പിസോഡിൽ കാണിച്ച ആ തേജോവധം തീർത്തും ഒഴിവാക്കാമായിരുന്നു.
ഗെയിമിൽ നിന്നിറങ്ങി നേരെ ജനങ്ങളുടെ മനസിലേക്ക് ചേക്കേറുന്ന ഡോക്ടർ രജിത് കുമാറിന്റെ എലിമിനേഷനോടെ ഈ ഷോ ഞങ്ങളിലെ ഭൂരിപക്ഷം പ്രേക്ഷകർക്കും ഇന്നലെയോടെ അവസാനിച്ചുക്കഴിഞ്ഞു.നാളിതുവരെ കഴിഞ്ഞ 67 ദിവസങ്ങളിലും ആ മനുഷ്യന്റെ ഗെയിമും സ്ട്രാറ്റജികളും കാണാൻ വേണ്ടി മാത്രമായിരുന്നു ഈ പരിപാടി കണ്ടിരുന്നത്.എന്തായാലും പ്രേക്ഷകഹൃദയങ്ങളിൽ ഒരൊറ്റ ജേതാവേയുള്ളൂ-അത് 67 ദിവസം ആ വീട്ടിൽ നിന്ന് കളം നിറഞ്ഞാടിയ ആ മനുഷ്യൻ മാത്രമാണ്. വെറുമൊരു സാധാരണമനുഷ്യനായി ആ വീട്ടിലേയ്ക്ക് കയറിപ്പോയ ആ മനുഷ്യൻ തിരികെ പടിയിറങ്ങുന്നത് ലക്ഷകണക്കിനു ജനഹൃദയങ്ങളിലെ രാജാവായാണ്.50 ലക്ഷത്തിന്റെ ഫ്ളാറ്റിനേക്കാൾ എന്ത് കൊണ്ടും മൂല്യമേറിയതാണ് ജനഹൃദയങ്ങളിൽ നേടിയെടുക്കുന്ന സ്ഥാനം.
Post Your Comments