Latest NewsIndia

‘ഞങ്ങള്‍ കിടക്കണമെങ്കില്‍ പഞ്ചനക്ഷത്ര മുറികള്‍ വേണം’, ബസിൽ നിന്നിറങ്ങാൻ പോലും തയ്യാറാവാതെ വിദേശത്തു നിന്ന് വന്ന നിരീക്ഷണത്തിൽ ഉള്ളവർ, കുഴങ്ങി സൈന്യം

ന്യൂഡല്‍ഹി: ഇറ്റലിയില്‍നിന്നെത്തിയവര്‍ “പഞ്ചനക്ഷത്ര” സൗകര്യങ്ങള്‍ ആവശ്യപ്പെട്ടതോടെ കരസേനയുടെ മനേസറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രതിസന്ധി. കോവിഡ്‌ 19 ഭീഷണിയെത്തുടര്‍ന്നു വിദേശത്തുനിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ അടിയന്തരമായി തയാറാക്കിയതാണു ഹരിയാനയിലുള്ള മനേസറിലെ കേന്ദ്രം. കോവിഡ്‌ 19 ബാധയെത്തുടര്‍ന്ന്‌ രാജ്യത്തു സ്‌ഥാപിക്കപ്പെട്ട ആദ്യ നിരീക്ഷണ കേന്ദ്രമാണ്‌ മനേസറിലത്‌. ആളുകളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച്‌ 14 ദിവസമാണ്‌ ഇവിടെ നിരീക്ഷണം.

ഇറ്റലിയില്‍നിന്ന്‌ എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്‌ചയെത്തിയ 83 അംഗ സംഘത്തിലെ ഏതാനും പേരാണ്‌, പ്രത്യേക മുറിയും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ വേണമെന്ന്‌ ആവശ്യപ്പെട്ടത്‌. ഇതിനുള്ള പണം നല്‍കാമെന്നും ചിലര്‍ പറഞ്ഞു. ഇതേച്ചൊല്ലി ബഹളവുമുണ്ടായി. നിലവില്‍ ഇവിടെ 265 പേര്‍ നിരീക്ഷണത്തിലുണ്ട്‌. ഒരു ദിവസം 3.5 ലക്ഷം രൂപ സൈന്യം ഇവിടെ ചെലവഴിക്കുന്നുണ്ട്‌.വിമാനത്താവളത്തില്‍നിന്ന്‌ ഇവിടെയെത്തിച്ചപ്പോള്‍ ബസില്‍നിന്നിറങ്ങാനും ആദ്യം പലരും തയാറായില്ല.

സൈന്യത്തിനു പോലീസിനെ വിളിക്കേണ്ട സാഹചര്യവുമുണ്ടായി. ഇത്‌ ആഡംബര ഹോട്ടലല്ലെന്ന്‌ എല്ലാവരും മനസിലാക്കണമെന്ന്‌ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.ക്ലേശകരമായ സാഹചര്യത്തില്‍ സൈന്യം പ്രവര്‍ത്തിക്കുന്നതിനിടെയാണ്‌ ഇത്തരം പ്രശ്‌നങ്ങളെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സൈന്യത്തില്‍നിന്ന്‌ 60 പേരെയാണു കേന്ദ്രത്തിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്‌.

കൂടുതല്‍പേരെ രാജ്യത്തേക്കു തിരിച്ചെത്തിക്കുന്ന സാഹചര്യത്തില്‍ ഇവരെ പാര്‍പ്പിക്കാന്‍ സൈന്യത്തിന്റെ മറ്റ്‌ ഏഴു കേന്ദ്രങ്ങള്‍ സജ്‌ജമാണെന്നും ആര്‍മി വക്‌താവ്‌ കേണല്‍ അമന്‍ ആനന്ദ്‌ പറഞ്ഞു.ജയ്‌സാല്‍മീര്‍, ഗോരഖ്‌പുര്‍, ജോധ്‌പുര്‍, ഝാന്‍സി, ദേവ്‌ലാലി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണിത്‌. ഇറാനില്‍നിന്നു രണ്ടു വിമാനങ്ങളില്‍ കൊണ്ടുവരുന്ന 400 പേരെ ജയ്‌സാല്‍മീറിലേക്കു കൊണ്ടുപോകുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button