കൊച്ചി: കോവിഡ് കനത്ത നാശംവിതച്ച ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി. 13 പേരാണ് രാവിലെ 7.45ഓടെ ദുബൈ വഴി നെടുമ്പാശേരിയിലെത്തിയത്. ഇന്ത്യയില്‍നിന്ന് പോയ മെഡിക്കല്‍ സംഘം പരിശോധന നടത്തി കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവരെ രാജ്യത്തെത്തിച്ചത്.ഇവരെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.
പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തണോ വീടുകളിലേക്ക് അയക്കണോ എന്ന കാര്യത്തില്‍ തീരുമാനമാകുക. അതേസമയം സംസ്ഥാനത്ത് കോവിഡ്-19 ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത് 5468 പേര്‍. ഇവരില്‍ 5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
രോഗലക്ഷണങ്ങള്‍ ഉള്ള 1715 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 22 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍19 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. മൂന്ന് പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരത്തുള്ള രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധയ്ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
Post Your Comments