Latest NewsKeralaNews

കോവിഡ് – 19: ആല്‍ബനി മേഖലയിലെ മുസ്ലിം പള്ളികളില്‍ ജുമുഅ നമസ്ക്കാരം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി

ആല്‍ബനി (ന്യൂയോര്‍ക്ക്)•കോവിഡ് -19 വ്യാപനം തടയാനും പ്രതിരോധത്തിന്റെ ഭാഗമായും ന്യൂയോര്‍ക്ക് തലസ്ഥാന മേഖലയായ ആല്‍ബനിയിലേയും പരിസര പ്രദേശങ്ങളിലേയും മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ)യും സംഘം ചേര്‍ന്നുള്ള പ്രാര്‍ത്ഥന (ജമാഅത്ത്)യും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വെച്ചു.

ഇസ്ലാമിക കര്‍മ്മശാസ്ത്രമനുസരിച്ചും, അമേരിക്കന്‍ മുസ്ലിം ജൂറിസ്റ്റ് അസംബ്ലി (എ‌.എം.ജെ.എ) യുടെ നിര്‍ദ്ദേശപ്രകാരവും, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണ്ണറുടെ ഉപദേശമനുസരിച്ചും, സ്കെനക്റ്റഡിയിലുള്ള ഇസ്ലാമിക് സെന്റര്‍ ഓഫ് ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ്, ലേഥമിലുള്ള അല്‍‌ഹിദായ ഇസ്ലാമിക് സെന്റര്‍, ആല്‍ബനിയിലെ മസ്ജിദ് അസ്സലാം, ട്രോയിയിലുള്ള അല്‍‌-അര്‍ഖം സെന്റര്‍ എന്നീ മുസ്ലിം പള്ളികള്‍ സം‌യുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ) ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വെച്ച വിവരം പൊതുജനങ്ങളെ അറിയിച്ചത്. ഇന്ന് (മാര്‍ച്ച് 13) മുതല്‍ ഇത് പ്രാബല്യത്തിലായി.

ജുമുഅ മാത്രമല്ല ദിവസേനയുള്ള അഞ്ചു നേരത്തെ പ്രാര്‍ത്ഥനയ്ക്കും ഈ അറിയിപ്പ് ബാധകമാണെന്നും പറയുന്നു. എന്നിരുന്നാലും, മേല്പറഞ്ഞ പള്ളികള്‍ ദിവസേന തുറന്നിരിക്കുമെന്നും പറയുന്നു.

ആര്‍ക്കെങ്കിലും പനി, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസ തടസ്സം എന്നിവ ഉണ്ടെങ്കില്‍ അവര്‍ പള്ളിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും എത്രയും വേഗം ചികിത്സ തേടണമെന്നും ഹസ്തദാനം, ആലിംഗനം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button