Latest NewsKeralaIndia

‘തല മുതിര്‍ന്ന നേതാക്കള്‍ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം’: കോണ്‍​ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി മാത്യു കുഴല്‍നാടന്‍

പരമ്പരാഗത ചിന്തയും ശൈലിയും കൊണ്ട് വിജയിക്കാനാവില്ല. നിങ്ങൾ നിങ്ങളുടെ കാലത്ത് ഈ പാർട്ടിക്ക് നൽകിയ സംഭാവനകളെ ആരും കുറച്ച് കാണുന്നില്ല. നിങ്ങൾ ഏറ്റവും മികച്ച നേതാക്കൾ തന്നെയായിരുന്നു. എന്നാൽ, ഇനിയും കോൺഗ്രസ്സ് നിലനിൽക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, നിങ്ങൾ വഴി മാറാൻ തയ്യാറാവണം. പുതിയ ആശയങ്ങൾക്കും, പുത്തൻ ശൈലിക്കും വേണ്ടി വഴിമാറുകയാണ് വേണ്ടത്.

കോണ്‍ഗ്രസ്​ രാഷ്​ട്രീയത്തി​ലെ ​പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ്​ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്‍നാടന്‍. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിനുപിന്നാലെയാണ് ത​ന്റെ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ​ മാത്യൂ അഭിപ്രായം തുറന്നുപറഞ്ഞത്​. പാര്‍ട്ടിയിലെ അപകടകരമായ പ്രവണതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.കോണ്‍ഗ്രസിലെ യഥാര്‍ഥ പ്രതിസന്ധി പുതുതലമുറയും പരമ്പരാഗത തലമുറയും തമ്മിലുള്ള പൊരുത്തക്കേടാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മാത്യൂ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വളരെ ദു:ഖത്തോടും നിരാശയോടെയുമാണ് ഇന്നത്തെ വാർത്ത ശ്രവിച്ചത്. ജോതിരാതിത്യ സിന്ധ്യ പാർട്ടി വിട്ട് പോയതിലുള്ള നിരാശ മാത്രമല്ല കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിൻ്റെ ക്ഷീണം രാജ്യത്തിൻ്റെ കൂടി ക്ഷീണമാണ് എന്ന തിരിച്ചറിവ് കൊണ്ട് കൂടിയാണ്.

ഒരു നേതാവും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമല്ല. എന്നാൽ, എല്ലാ നേതാക്കളും പാർട്ടിക്ക് പ്രധാനം തന്നെയാണ്. പാർട്ടി വിട്ടതും ബി.ജെ.പിയിൽ ചേരുന്നതും ഒരു നിലക്കും ന്യായീകരിക്കാനാവില്ല.

പക്ഷെ പാർട്ടിയിൽ നിലനിൽക്കുന്ന അപകടകരമായ ചില പ്രവണതകൾ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. കോൺഗ്രസ്സിലെ ഇന്നത്തെ യഥാർത്ഥ പ്രതിസന്ധി രണ്ടാശയങ്ങൾ തമ്മിലുള്ള പൊരുത്തക്കേടാണ്. കുറച്ച് കൂടി ക്യത്യമായി പറഞ്ഞാൽ രണ്ട് തലമുറകൾ തമ്മിലുള്ള പൊരുത്തക്കേട്.

പരമ്പരാഗത ശൈലിയും പുതുതലമുറ ചിന്തകളും തമ്മിൽ ഒത്ത് പോകുന്നില്ല. ഇത് പാർട്ടിയിൽ വല്ലാത്ത ഒരു ശ്വാസം മുട്ട് ഉണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഈ ശ്വാസംമുട്ടൽ രാഹുൽ ഗാന്ധിയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അനിവാര്യമായ ഒരു തലമുറ മാറ്റത്തിൻ്റെ പ്രസവവേദനയായേ ഞാൻ ഇതിനെ കണ്ടിരുന്നുള്ളൂ. പക്ഷെ അതിന് പാർട്ടി വലിയ വില കൊടുക്കേണ്ടി വരണ്ട സ്ഥിതി ഉണ്ടാവരുത്.

ഇതിന് മുമ്പ് ഇന്ദിരാഗാന്ധിയുടെ കാലത്തും സമാനമായ സ്ഥിതി വിശേഷം ഉണ്ടായിരുന്നു. അത് പാർട്ടിയുടെ പിളർപ്പിൽ ആണ് അവസാനിച്ചത്. അന്ന് കമൽനാഥ് അടക്കമുള്ള യുവനിര ഇന്ദിരാഗാന്ധിക്കൊപ്പം നിന്നപ്പോൾ തല മുതിർന്നവർ എല്ലാം അപ്പുറത്തായിരുന്നു. അവർക്ക് ഇന്ദിരയുടെ ശൈലി അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ അത് അതിജീവിക്കാൻ കോൺഗ്രസ്സിനും ഇന്ദിരാഗന്ധിക്കും കഴിഞ്ഞു.

ചരിത്രത്തിൻ്റെ കാവ്യനീതി പോലെ രാഹുൽ ഗാന്ധി നേരിടുന്നതും സമാനമായ വെല്ലുവിളിയാണ്. ഇപ്പോൾ മറുവശത്ത് അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിലകൊണ്ട അന്നത്തെ യുവനിരയാണ്.

പാർട്ടിയിലെ തല മുതിർന്ന നേതാക്കൾ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം. ഇന്ന് കോൺഗ്രസ്സ് നേരിടേണ്ടത് തീവ്ര വലത് പക്ഷ രാഷട്രീയത്തിന് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി യേയും അവർക്ക് ആശയപരവും സംഘടനാപരവുമായ അടിത്തറ നൽകുന്ന ആർ.എസ്.എസ് നേയുമാണ്.

പരമ്പരാഗത ചിന്തയും ശൈലിയും കൊണ്ട് വിജയിക്കാനാവില്ല. നിങ്ങൾ നിങ്ങളുടെ കാലത്ത് ഈ പാർട്ടിക്ക് നൽകിയ സംഭാവനകളെ ആരും കുറച്ച് കാണുന്നില്ല. നിങ്ങൾ ഏറ്റവും മികച്ച നേതാക്കൾ തന്നെയായിരുന്നു. എന്നാൽ, ഇനിയും കോൺഗ്രസ്സ് നിലനിൽക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, നിങ്ങൾ വഴി മാറാൻ തയ്യാറാവണം. പുതിയ ആശയങ്ങൾക്കും, പുത്തൻ ശൈലിക്കും വേണ്ടി വഴിമാറുകയാണ് വേണ്ടത്.

സമഗ്രവും കാലോചിതവുമായ ഒരു നവീകരണം, അതാണ് പാർട്ടിക്ക് ആവശ്യം. കോൺഗ്രസ്സിനെ സമ്പൂർണ്ണമായി നവീകരിക്കാൻ നിങ്ങൾ തന്നെ മുൻകൈ എടുക്കണം.

അല്ലെങ്കിൽ ഈ ശ്വാസം മുട്ടലിൽ ഇനിയും ജോതിരാത്യമാരുണ്ടായേക്കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button