ന്യൂഡല്‍ഹി: തെലുങ്കാന ബിജെപി അധ്യക്ഷനായി ബണ്ടി സഞ്ജയ് കുമാറിനെ തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കരിം നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സഞ്ജയ് കുമാര്‍.
ഡോ.കെ.ലക്ഷ്മണിന് പകരക്കാരനായിട്ടാണ് സഞ്ജയ് കുമാര്‍ തെലുങ്കാനയില്‍ ബിജെപിയുടെ തലപ്പത്ത് എത്തുന്നത്. കെ. ലക്ഷ്മണിനെ അധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളായിരുന്നു. എന്നാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാണ് സഞ്ജയ് കുമാറിനെ ദേശീയ നേതൃത്വം പരിഗണിച്ചിരിക്കുന്നത്.
അതേസമയം, ഗുജറാത്ത് കോണ്‍ഗ്രസിലും രൂക്ഷമായ തമ്മിലടി തുടരുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന്റെ ക്ഷീണം മാറും മുന്‍പേ വീണ്ടും രാജിക്കൊരുങ്ങി ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ രംഗത്തു വന്നു. നിലവില്‍ 13 പേരാണ് രാജിവെക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.
കോണ്‍ഗ്രസിലെ പട്ടീദാര്‍, പിന്നാക്ക വിഭാഗ നേതാക്കള്‍ തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് 13 എംഎല്‍എമാര്‍ രാജി വെക്കാന്‍ തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് പോകുന്നതില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഹൈക്കമാൻഡ് നേതൃത്വം.
രാജസ്ഥാനില്‍ അധികാരത്തില്‍ ഉണ്ടെങ്കിലും താന്‍ അസ്വസ്ഥനാണെന്ന സൂചന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. കോട്ട ആശുപത്രിയിലെ ശിശുമരണത്തില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയിലും കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ALSO READ: ഗുജറാത്ത് കോണ്‍ഗ്രസിലും തമ്മിലടി രൂക്ഷം; ഹൈക്കമാൻഡിനെ ഞെട്ടിച്ച് എം എൽ എ മാരുടെ നീക്കങ്ങൾ ഇങ്ങനെ
ബുധനാഴ്ച വൈകുന്നേരം ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം പരന്നു. മധ്യപ്രദേശ് സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെ ശരദ് പവാര്‍ യോഗം വിളിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. അതേസമയം, മഹാ വികാസ് അഘാഡി നേതാക്കള്‍ വാര്‍ത്തകള്‍ നിഷേധിച്ചു.
Post Your Comments