പത്തനംതിട്ട: കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മലയോര പട്ടണമായ റാന്നിയിലെ ജനങ്ങള്‍ ഭീതിയിലാണ്. പ്രളയം തകര്‍ത്തെറിഞ്ഞ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറി വരുന്ന വ്യാപാര സമൂഹത്തിനും വന്‍ തിരിച്ചടി ആണ് കോവിഡ് ഭീതി ഉണ്ടായിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബത്തിന് രോഗം സ്ഥീരീകരിച്ചതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികള്‍. രോഗബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുളളവര്‍.
സജീവമായിരുന്ന ഇട്ടിയപ്പാറ ബസ്സ് സ്റ്റാന്‍ഡില്‍ ഇപ്പോള്‍ ആളും അനക്കവും നന്നെ കുറവാണ്. മാസ്ക് ധരിച്ചാണ് ഭൂരിപക്ഷം ജനങ്ങളും സഞ്ചരിക്കുന്നത്. ആളില്ലാത്തതിനാല്‍ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തി വയ്ക്കുന്നു. പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്നു. കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതും വലിയ ബുദ്ധിമുട്ടാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്.719 പേര്‍ നിരീക്ഷണത്തിലായതോടെ പൊതുപരിപാടികള്‍ അടക്കം ഒഴിവാക്കി.
കടകമ്പോളങ്ങള്‍ പോലും റാന്നിയില്‍ പ്രവര്‍ത്തിക്കുന്നില്ല. വിജനമായ വഴികളാണ് ഇപ്പോള്‍ റാന്നിയില്‍ കാണാനാകുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളും റാന്നിക്കാരുടെ സമാധാനം കെടുത്തുന്നുണ്ട്. ഹോട്ടലുകളില്‍ പലതും അടഞ്ഞ് കിടക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേരടക്കം അഞ്ച് റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജനം ഭീതിയിലായത്.
Leave a Comment