കണ്ണൂർ: ഐസലേഷൻ വാർഡിൽ ശരിക്കും എന്താണ് നടക്കുന്നതെന്ന് പലർക്കും സംശയം ഉള്ള കാര്യമാണ്. ഈ അനുഭവങ്ങൾ തുറന്നുപറഞ്ഞ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സഞ്ചാരിയായ ഷാക്കിർ സുബ്ഹാൻ. കഴിഞ്ഞ ഒക്ടോബറിലാണ് ലോകം മുഴുവൻ മോട്ടർ സൈക്കിളിൽ ഒറ്റയ്ക്കു സഞ്ചരിക്കാൻ ലക്ഷ്യമിട്ട് സാക്കിർ യാത്ര ആരംഭിച്ചത്. ഇറാൻ കടന്ന് അസർബൈജാൻ വഴിയുള്ള യാത്രയ്ക്കിടെ ജോർജിയ അതിർത്തിയിൽ ഷാക്കിറിനെ അധികൃതർ തടഞ്ഞു. തുടർന്നു ദുബായ് വഴി കണ്ണൂരിൽ എത്തിയ ശേഷം വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് ഒരുക്കിയ ഹെൽത്ത് ഡസ്ക്കിലെത്തി യാത്രയുടെ വിശദാംശങ്ങൾ അറിയിച്ചു. ഇതുകേട്ട മെഡിക്കൽ ടീം ഷാക്കിറിനെ ഐസലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.
ആംബുലൻസ് തയാറായി നിൽക്കുന്നുണ്ടായിരുന്നു. നേരെ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലെത്തിച്ചു. തൊണ്ടയിലെ സ്രവം ശേഖരിച്ച് അന്നുതന്നെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മികച്ച വാർഡ്, വൃത്തിയുള്ള ശുചിമുറി, സൗമ്യമായി പെരുമാറുന്ന ഡോക്ടർമാരും നഴ്സുമാരും ഇതൊക്കെയാണ് ഷാക്കിർ ഐസലേഷൻ വാർഡിൽ കണ്ടത്. മാസ്കും ഗ്ലൗസും മാത്രമല്ല, വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വരെ മാറിമാറി ഉപയോഗിക്കാതെ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കാൻ തടസ്സമില്ലാത്തതിനാൽ വാർഡിലെ സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയും ഷാക്കിർ ചിത്രീകരിച്ചു. പരിശോധനാഫലം നെഗറ്റിവ് ആയതോടെ ഷാക്കിറിനെ വീട്ടിലേക്ക് അയച്ചിരുന്നു .
Post Your Comments