റോം: കൊറോണ വൈറസ് പിടിമുറുക്കിയ ഇറ്റലിയില്‍ ഒറ്റയടിക്ക് മരണസംഖ്യ 400ലേക്ക് കുതിച്ചുയര്‍ന്നു. ഇറ്റലിയില്‍ 8000ത്തോളം പേര്‍ക്കാണ് രോഗബാധയേറ്റത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഏപ്രില്‍ മൂന്ന് വരെ വടക്കന്‍ ഇറ്റലിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 622 പേര് രോഗത്തിന്റെ പിടിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായപ്പോള്‍ 650 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.വടക്കന്‍ ഇറ്റലിയില്‍ 1.6 കോടി ജനങ്ങള്‍ക്ക് സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തി.
വടക്കന്‍ ഇറ്റലിയിലെ ഇറ്റലിയിലെ മോഡേന, പര്മ, പിയാസെന്‍സ, റെഗ്ഗിയോ എമീലിയ, റിമിനി, പെസാറോ ആന്‍ഡ് ഉര്‍ബിനോ, അലക്സാന്‍ഡ്രിയ, അസ്ടി, നോവാറ, വെര്‍ബാനോ കുസിയോ ഒസ്സോല, പഡ്വ, വെര്‍സെല്ലി, ട്രെവിസോ, വെനീസ് എന്നീ 14 പ്രവിശ്യകളിലാണ് സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലുള്ളവര്ക്ക് യാത്രചെയ്യണമെങ്കില്‍ അധികാരികളില്‍നിന്ന് പ്രത്യേക അനുവാദം വാങ്ങണം. ഇതോടെ ഇറ്റലി പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ് പൊതു ഇടങ്ങളും നിരത്തും എല്ലാം വിജനമാണ്.
ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് നോര്‍ത്തേണ്‍ ഇറ്റലിയിലെ ലോംബാര്‍ഡിയിലാണ്. ക്വാറന്റൈന് മറികടന്ന് ഓറഞ്ച് സോണ്‍ കടന്ന് പുറത്ത് പോകുന്നവര്‍ മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണം. അല്ലെങ്കില്‍ 206 യൂറോ പിഴ ഒടുക്കണം. വിവാഹം, ശവസംസ്ക്കാരം, മ്യൂസിയം, സിനിമാ, ഷോപ്പിങ് സെന്റേഴ്സ് എന്നു വേണ്ട എല്ലാ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അടുത്തിടെ അസുഖത്തിന്റെ പിടിയിലായ മാര്‍പാപ്പ വീഡിയോയിലൂടെയാണ് ഞായറാഴ്ചത്തെ പ്രാര്‍ത്ഥന വിശ്വാസികള്‍ക്കായി നടത്തിയത്. വീഡിയോയില്‍ താന്‍ ഒരു കൂട്ടില്‍ അടയ്ക്കപ്പെട്ട അവസ്ഥയിലാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. എല്ലാ പൊതു ഇടങ്ങളും അടഞ്ഞു കിടക്കുകയാണ്. പ്രധാന നഗരങ്ങളായ വെനീസ്, മിലാന് എന്നിവിടങ്ങളെ വിലക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്.
Post Your Comments