ദോഹ : ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാക്ക്, ലബനൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്നും കൊറോണ വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള ഭാഗമാണ് വിലക്കെന്നും അധികൃതർ അറിയിച്ചു. എല്ലാ യാത്രക്കാർക്കും വിലക്ക് ബാധകമായതിനാൽ താമസ വീസ, വിസിറ്റ് വീസ, വർക്ക് പെർമിറ്റ്, താൽക്കാലിക വീസ എന്നിവ ഉള്ളവർക്ക് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിൽ പ്രവേശിക്കാൻ സാധിക്കില്ല. ഇതോടെ അവധിക്ക് നാട്ടിൽ എത്തിയ പതിനായിരക്കണക്കിന് മലയാളികൾ അടക്കമുള്ളവരുടെ മടക്കയാത്ര നീളും.
സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്നതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ്-19 ബാധിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കോവിഡ് ബാധിച്ച രാജ്യങ്ങളിൽ നിന്നും ആദ്യം സൗദിയിൽ എത്തുന്നവർക്കും റീ എൻട്രി വീസയിൽ എത്തുന്നവർക്കും ഇതു ബാധകമാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് സൗദി എംബസിയോ കോൺസുലേറ്റുകളോ അംഗീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്നു മാത്രമേ എടുക്കാവൂ. 24 മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളതാകാൻ പാടില്ല. യുഎഇ, കുവൈറ്റ്, ബഹ്റിൻ എന്നിവിടങ്ങ ളിൽനിന്നു റോഡ് മാർഗം സൗദിയിൽ പ്രവേശിക്കുന്നതും താത്കാലികമായി വിലക്കിയിട്ടുണ്ട്.
നാല് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സൗദിയിൽ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം സ്ഥിരീകരിച്ച 11 പേരും കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിന്നുള്ളവരായതിനാൽ ഇവിടേക്ക് വരുന്നതിനും പുറത്തു പോകുന്നതിനും താത്കാലിക വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പ്രദേശത്തെ സ്കൂളുകൾ ഉൾപ്പെടെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചു. ഗ്യാസ് സ്റ്റേഷനുകളും ഫർമാസികളും ആശുപത്രികളും ഉൾപ്പെടെയുള്ള അത്യാവശ്യ സേവന മേഘലകൾ പ്രവർത്തിക്കുന്നതാണ്. നിലവിൽ ഖത്തീഫിന് പുറത്തുള്ള ഇവിടുത്തെ താമസക്കാർക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നതിന് തടസമില്ല.
രോഗബാധ തടയാനായി വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ട്രോളികൾ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പർ മാർക്കറ്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് റിയാദ് നഗരസഭ കർശന നിർദ്ദേശം നൽകി. വിവിധ മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും താൽക്കാലികമായി നിർത്തിവെച്ചു.അതേസമയം മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകൾക്കും സർവകലാശാലകൾക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ താൽക്കാലികമായി അടക്കുകയാണെന്ന് വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments