കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങേരി, വെസ്‌റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്‌ച കോഴിയുള്‍പ്പെടെ 1700 വളര്‍ത്തുപക്ഷികളെ കൊന്നു. അതേസമയം, ഇരു മേഖലകളിലെയും കോഴിക്കടകള്‍ താല്‍ക്കാലികമായി അടയ്‌ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കോഴി, കാട, കോഴിമുട്ട എന്നിവ വില്‍ക്കുന്ന കടകളുടെ ലൈസന്‍സും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്‌തു. പനി ബാധിത കേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് മൃഗസംരക്ഷണ–ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊന്നത്.
കഴുത്ത് ഞെരിച്ച് കൊന്നശേഷം അണുനാശിനി ഒഴിച്ച് കൂട്ടത്തോടെ കത്തിക്കുകയായിരുന്നു. ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക കയ്യുറകളും വസ്ത്രങ്ങളും മാസ്‌കും ധരിച്ചാണ് എത്തിയത്. ക്ലോറിനേഷന്‍ ഉള്‍പ്പെടെ ശുചീകരണ പ്രവൃത്തികളും ചെയ്യുന്നുണ്ട്. വേങ്ങേരിയിലെ കാര്‍ഷിക വിപണനകേന്ദ്രത്തിലെ ഒഴിഞ്ഞ പറമ്പിലും കൊടിയത്തൂരിലെ കുറ്റിപ്പൊയില്‍ വയലിലുമായാണ് ഇവയെ കത്തിച്ചത്.
ചാരവും കുഴിച്ചുമൂടി. അടുത്ത മൂന്ന് ദിവസങ്ങളിലും ഈ നടപടി തുടരും.മനുഷ്യരിലേക്ക് അപൂര്‍വമായി മാത്രമേ പകരൂ എങ്കിലും ആരോഗ്യ വകുപ്പധികൃതര്‍ വീടുകളിലെത്തി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ബോധവല്‍ക്കരണ നോട്ടീസും നല്‍കുന്നുണ്ട്.
Post Your Comments