Latest NewsKeralaIndia

അണ്‍എയ്ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി, പത്തനംതിട്ട ജില്ലയിലെ അവധി നീട്ടി

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയ്ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി വൈകി കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ കോട്ടയം ജില്ലയ്ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുക ആയിരുന്നു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ്, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂള്‍, പോളി ടെക്നിക്ക്, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് കളക്ടര്‍ വ്യക്തമാക്കി.

എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം പത്തനംതിട്ടയില്‍ ഇനി മൂന്ന് ദിവസത്തേക്ക് സ്‌കൂളുകള്‍ തുറക്കില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പ്ലസ് ടു പരിക്ഷകള്‍ക്ക് മാറ്റമില്ല.

എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. പരീക്ഷ സെന്ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. എന്നാൽ പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി, പോളിടെക്‌നിക് കോളേജ്, പ്രൊഫഷണല്‍ കോളേജ്, എയ് ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കഴാഴ്ച മുതല്‍ ബുധനാഴ്ച വരെ അവധി ആയിരിക്കും.പത്തനംതിട്ട ജില്ലയിലെ പൊതുപരിപാടികളും റദ്ദാക്കി.

കൊറോണ, ആലിംഗനവും ഹസ്തദാനവും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

ഇറ്റലിയില്‍ നിന്നും കൊറോണയുമായി എത്തിയ റാന്നി സ്വദേശികളെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയത് കോട്ടയം ചെങ്ങളത്തുള്ള ബന്ധുക്കാരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോട്ടയത്തും മുന്നൊരുക്കങ്ങള്‍ നടത്തി കൊറോണയെ നേരിടാന്‍ തയ്യാറെടുക്കുന്നത്. ചെങ്ങളത്തുള്ള ഈ കുടുംബത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്.കൊറോണ ബാധിച്ച റാന്നി സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഒരാള്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണിത്. ഇറ്റലിയില്‍ നിന്ന് വന്ന പത്തനംതിട്ട സ്വദേശികളെ വിമാനത്താവളത്തില്‍ കൂട്ടാന്‍ പോയ ബന്ധുക്കളാണിവര്‍. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയില്‍ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനക്ക് കുടുംബം വിധേയരായിരുന്നില്ല. ഇവര്‍ സന്ദര്‍ശിച്ച കൊല്ലത്തെ ഒരുവീട്ടിലെ മൂന്ന് പേരെയും അയല്‍വാസികളായ രണ്ടുപേരെയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button