ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കളുടെ രീതിയില്‍ അതൃപ്തി പരസ്യമാക്കി രാഹുല്‍ ഗാന്ധി. തന്‍റെ ആശയങ്ങള്‍ക്ക് ഇപ്പോഴും നേതാക്കളുടെ പൂര്‍ണ പിന്തുണയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്‍റ് പദത്തിലേക്ക് തിരിച്ചുവരാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ലോക്സഭയില്‍ പാര്‍ട്ടി എംപിമാരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ രാഹുല്‍ ഇങ്ങനെ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.അഡ്ജസ്റ്റ്മെന്‍റ് സമരങ്ങള്‍കൊണ്ട് ബിജെപിയെ നേരിടാന്‍ കഴിയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാന്‍ ആശയപരമായ സമരമാണ് കോണ്‍ഗ്രസ് നയിക്കേണ്ടത്. ബിജെപിയെ നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയാം. എന്നാല്‍ പാര്‍ട്ടി ആശയകുഴപ്പത്തിലാണ്. സമരം ഏതുരീതിയില്‍ വേണമെന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമില്ല. ഈ രീതിയില്‍ പാര്‍ട്ടിയെ നയിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. അവസാനശ്വാസം വരെ അതിന്‍റെ മുന്‍നിരയില്‍ താന്‍ ഉണ്ടാകും. പാര്‍ട്ടിയില്‍ പൂര്‍ണ പിന്തുണയില്ലാത്തതുകൊണ്ടാണ് പ്രസിഡന്‍റ് പദവി ഏറ്റെടുക്കാത്തതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ചിലര്‍ നടത്തുന്ന അഡ്ജസ്റ്റ്മെന്‍റ് സമരങ്ങള്‍ കൊണ്ട് കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ആശയപരവും തീവ്രവുമായ സമരരീതിയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പൂര്‍ണപിന്തുണയില്ലെന്നത് കാര്യമാക്കേണ്ടെന്നും 90 ശതമാനം പേര്‍ ഒപ്പമുണ്ടാകുമെന്ന് ഒരു കോണ്‍ഗ്രസ് എം.പി പറഞ്ഞെങ്കിലും അത് കാര്യമാക്കാതെ ചിരിച്ചുതള്ളുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്.
Post Your Comments