ഹൈദരാബാദ്: മകളുടെ ഭര്‍ത്താവിനെ ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് മരിച്ച നിലയില്‍.
2018ല്‍ തെലങ്കാനയെ നടുക്കിയ പ്രണയ് പെരുമല്ല കൊലക്കേസ് പ്രതിയായ മാരുതി റാവുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
read also : ഹൈദരാബാദ് ദുരഭിമാനകൊല; അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി
ഹൈദരാബാദ് കൈര്‍ത്താബാദിലെ ആര്യ വൈശ്യ ഭവനിലെ 306 നമ്പര്‍ മുറിയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ എന്തിനാണ് ഹൈദരാബാദ് എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായി സെയ്ഫാബാദ് എസിപി വേണു ഗോപാല്‍ റെഡി പറഞ്ഞു. മൃതദേഹം ഓസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം,ആത്മഹത്യയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
2018 സെപ്തംബറിലാണ് ഏറെ വിവാദങ്ങളുണ്ടാക്കിയ പ്രണയ്യുടെ ദുരഭിമാനകൊല നടന്നത്. മാരുതി റാവുവിന്റെ മകള്‍ അമൃതയുടെ ഭര്‍ത്താവ് പ്രണയിയെയാണ് ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് തിരിച്ചിറങ്ങുമ്പോള്‍ ഒരു സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് മരുമകനെ കൊല്ലാന്‍ മാരുതി റാവു ഒരു കോടി രൂപയ്ക്ക് കൊലയാളികളെ വാടകയ്ക്ക് എടുത്ത വിവരം പുറത്ത് വരുന്നത്. ആ കേസ് വിചാരണഘട്ടത്തിലാണ്.
വൈശ്യ സമുദായ അംഗമായ റാവുവിന്റെ മകള്‍ അമൃത ദളിത് വിഭാഗമായ മല്ല സമുദായ അംഗമായ പ്രണയിയെ വിവാഹം ചെയ്തതാണ് റാവുവിനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചത്. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാല്‍ കേസില്‍ റാവുവും, സഹോദരന്‍ ശ്രാവണ്‍ അടക്കം പ്രതികള്‍ക്ക് 2019 ഏപ്രിലില്‍ ജാമ്യം ലഭിച്ചിരുന്നു. പിന്നീട് ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Post Your Comments