ബെയ്ജിങ് : മനുഷ്യരാശിയെ കൊന്നൊടുക്കി കൊറോണ എന്ന മാരക വൈറസ് അതിവേഗം വ്യാപിയ്ക്കുന്നു . 100 ഓളം രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധയുള്ളത്. ലോകത്ത് കൊറോണ (കോവിഡ്-19) ബാധിച്ചുള്ള മരണം 3526 ആയി. 98 രാജ്യങ്ങളിലായി 1,04,184 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതില്‍ 6137 പേരുടെ നില ഗുരുതരമാണ്.
ഒരിടവേളയ്ക്കുശേഷം ചൈനയില്‍ വൈറസ് ബാധയിലെ നേരിയ വര്‍ധനയും കൂടുതല്‍ രാജ്യങ്ങള്‍ വൈറസ് ബാധിതപ്പട്ടികയിലേക്ക് വരുന്നതും വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ചൈനയില്‍ ശനിയാഴ്ച 99 പുതിയ കേസും 28 മരണവുമാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതോടെ ചൈനയില്‍ ആകെ മരണം 3070 ആയി. 80,651 പേര്‍ക്കാണ് അവിടെ വൈറസ് ബാധയുള്ളത്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ കയറ്റുമതിയിലുണ്ടായ വലിയ കുറവ് ചൈനയുടെ വ്യാപാര, സാമ്പത്തികമേഖലയെ സാരമായി ബാധിച്ചുതുടങ്ങി. വൈറസ് വ്യാപനം ഏറ്റവും ആശങ്കാജനകമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നത്.
ശനിയാഴ്ച 274 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച ദക്ഷിണകൊറിയയില്‍ രോഗികള്‍ 7041 ആയി. 335 പേരെ ബാധിക്കുകയും 17 പേര്‍ മരിക്കുകയും ചെയ്ത യു.എസില്‍ കലിഫോര്‍ണിയ തീരത്ത് തടഞ്ഞിട്ട ആഡംബരക്കപ്പല്‍ ഗ്രാന്റ് പ്രിന്‍സസിലും 21 പേര്‍ക്ക് രോഗമുണ്ട്. ഹവായില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോവുകയായിരുന്ന കപ്പലില്‍ ബുധനാഴ്ചയാണ് യാത്രക്കാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. 2600 യാത്രക്കാരും 1150 ജീവനക്കാരും കപ്പലിലുണ്ട്.
5823 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച ഇറാനില്‍ മരണം 145 ആയി. ടെഹ്‌റാനില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫത്തേം റഹ്ബറും (55) ഇതില്‍ ഉള്‍പ്പെടും. വൈറസ് ബാധിച്ച് ഇറാനില്‍ മരിക്കുന്ന രണ്ടാമത്തെ ജനപ്രതിനിധിയും ഏഴാമത്തെ രാഷ്ട്രീയപ്രവര്‍ത്തകയുമാണ് റഹ്ബര്‍. 4636 വൈറസ് ബാധിതരുള്ള ഇറ്റലിയില്‍ മരണം 200 കവിഞ്ഞു.
Post Your Comments