തിരുവനന്തപുരം•കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്ക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. രോഗ ബാധിത പ്രദേശത്ത് നിന്നുള്ളവര്‍ പൊങ്കാല ഒഴിവാക്കണം. ആറ്റുകാല്‍ പൊങ്കാല നാളെ നടക്കാനിരിക്കുകയാണ്. വളരെയധികം ഒരുക്കങ്ങളാണ് പൊങ്കാലയ്ക്കായി നടത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ജലദോഷം, പനി, ചുമ അടക്കമുള്ള എന്തെങ്കിലും ശാരീര അസ്വസ്ഥതകള്‍ ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവരുടെ ദൃശ്യങ്ങള്‍ അടക്കം വീഡിയോയില്‍ പകര്‍ത്തും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ശൈലജ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
റാന്നി ഐത്തല സ്വദേശികളായ അച്ഛനും അമ്മയും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയവര്‍ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു.
Post Your Comments