കുമളി: വിദേശത്തുള്ള ഭര്‍ത്താവ് പണം അയക്കാഞ്ഞതിനെ തുടര്‍ന്ന് മക്കളെ അസഭ്യം പറഞ്ഞ് തല്ലുന്ന വീഡിയോ സ്വയം ചിത്രീകരിച്ച വീട്ടമ്മ കുരുക്കിലായി. മാതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. എന്നാൽ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെ അന്വേഷണവുമായി പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും അണക്കരയിലെ വീട്ടിലെത്തുകയായിരുന്നു. കുട്ടികളും അമ്മയുടെ ഒപ്പമാണ് നിലയുറപ്പിച്ചത്.
ഏലത്തോട്ടത്തില്‍ ജോലിക്കുപോകുന്ന വീട്ടമ്മ ഇവിടെ നിന്നും ലഭിക്കുന്ന 400 രൂപ ശമ്പളത്തിലാണ് വീട്ടു ചിലവുകള്‍ നടത്തുന്നത്. ഒരു വര്‍ഷം മുമ്ബ് വന്നുപോയ ഭര്‍ത്താവ് പണം അയക്കാതിരുന്നതാണ് വീട്ടമ്മയെ പ്രകോപിതയാക്കിയത്. ഭര്‍ത്താവിനെ സമ്മര്‍ദത്തിലാക്കി പണം അയപ്പിക്കാനുള്ള ശ്രമ ഫലമായാണ് സ്വയം വീഡിയോ ചിത്രീകരിച്ചത്. രണ്ട് ആണ്‍ മക്കളുള്ള വീട്ടമ്മ കുട്ടികളുടെ ബെല്‍റ്റ് തറവാട് വീടിന്‍റെ ചുമരിലേക്ക് ആഞ്ഞടിച്ച് അസഭ്യം പറഞ്ഞ് കുട്ടികളെ ഭീതിപ്പെടുത്തിയായിരുന്നു ‘ചിത്രീകരണമെന്ന്’ പൊലീസ് പറഞ്ഞു.
തറവാട് വീടിനോട് ചേര്‍ന്ന താല്‍കാലിക ഷെഡിലാണ് ഇവരുടെ താമസം. കുട്ടികളുടെ പഠന ചിലവ്, കരാട്ടെ അഭ്യാസ ഫീസ്, ഇരുചക്ര വാഹന കുടിശിക എന്നിവയെല്ലാം പ്രയാസത്തിലായപ്പോഴാണ് ഭര്‍ത്താവിനെ ഭയപ്പെടുത്താന്‍ സ്വന്തമായി വീഡിയോ ചിത്രീകരിച്ചതെന്നാണ് വീട്ടമ്മയുടെ വിശദീകരണം. കുട്ടികളും അമ്മക്കൊപ്പം നിലയുറപ്പിച്ചതോടെ അന്വേഷകര്‍ക്കും വഴിമുട്ടി. സഹോദരന്‍റെ ഒരുകുട്ടി ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെ ചുമതലയാണ് വീട്ടമ്മക്കുള്ളത്. മക്കളെ അസഭ്യം പറഞ്ഞതില്‍ താക്കീത് ചെയ്തെന്നും, ചൈല്‍ഡ് ലൈനോ ബന്ധുക്കളോ പരാതി നല്‍കിയാല്‍ കേസെടുത്താല്‍ മതിയെന്ന നിലപാടിലാണെന്നും വണ്ടന്മേട് പൊലീസ് പറഞ്ഞു.
അതേസമയം കുട്ടികളെ ഉപദ്രവിക്കുന്നതായി അഭിനയിക്കുകയായിരുന്നെന്ന മാതാവിന്‍റെ വാദം തെറ്റാണെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിരീക്ഷിക്കുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് അന്വേഷണ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments