കൊല്ലം: എഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പുഴയില്‍ എറിഞ്ഞതെന്ന് നിഗമനം. ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്ന പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അന്വേഷണത്തില്‍ വഴിത്തിരിവായി ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം.
പുഴയില്‍ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്നാണു ഫോറന്‍സിക് സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍. ഇതോടെയാണ് പ്രതിയെന്ന് സംശയിക്കുന്നവരെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
ദേവനന്ദയുടേതു മുങ്ങിമരണമാണെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും കൊലപാതകമാണെന്ന് ആവര്‍ത്തിച്ചതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകളും ഏറെക്കുറെ ശേഖരിച്ചുകഴിഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തെങ്കിലും മറുപടികളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാഞ്ഞതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. ബന്ധുക്കളും അയല്‍ക്കാരുമടക്കം അന്‍പതോളം പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.
പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വീട്ടില്‍ നിന്നും രാവിലെ 9.30 നും 10.30 നും ഇടയിലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ പിറ്റേന്ന് രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Post Your Comments