ന്യൂഡല്‍ഹി: പൗരത്വ വിരുദ്ധ കലാപകാരികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകികളെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിലാണ് രത്തന്‍ ലാലിന് വെടിയേറ്റത്. ഇതിനു പുറമെ കലാപകാരികളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഡിസിപി അമിത് ശര്‍മ്മയെ മര്‍ദ്ദിച്ചവരേയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു.
പത്തോളം കലാപകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാനായി ഡല്‍ഹി പോലീസ് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. കൊലപാതകികളേയും അക്രമികളേയും തിരിച്ചറിഞ്ഞതിനാല്‍ എത്രയും വേഗം ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ, ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പ്രാദേശികമായി നിരീക്ഷണം നടത്തിയിരുന്നു. ഇതിനു പുറമെ സിസിടിവി ദൃശ്യങ്ങളള്‍ ശേഖരിക്കുകയും ദൃക്സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതാണ് കുറ്റവാളികളെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സഹായകമായത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ഫെബ്രുവരി 24ന് ഉണ്ടായ കലാപത്തിലാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ജീവന്‍ നഷ്ടപ്പെട്ടത്. കല്ലേറിലാണ് രത്തന്‍ ലാല്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും വെടിയേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കലാപകാരികള്‍ ഡിസിപി അമിത് ശര്‍മ്മയെ കൂട്ടമായി മര്‍ദ്ദിച്ചതും ഇതേ ദിവസം തന്നെയാണ്.
Post Your Comments