തിരുവനന്തപുരം : വീണ്ടും പണിമുടക്ക് ഭീഷണിയുമായി കെ.എസ്.ആര്‍.ടിസിയിലെ തൊഴിലാളി യൂണിയനുകൾ. മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ വീണ്ടും പണിമുടക്ക് നടത്തുമെന്നാണ് ഭീഷണി. മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരാനിരിക്കെയാണ് തൊഴിലാളി യൂണിയനുകൾ നിലപാട് വ്യക്തമാക്കിയത്. എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കുമെന്ന സൂചന നല്‍കിയത്. അതേസമയം കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
സമയം തെറ്റിച്ച് വന്ന സ്വകാര്യ ബസാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നു കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. . മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടത് തെറ്റാണെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് കളക്ടര്‍ തയ്യാറാക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു.
ഏകപക്ഷീയമായ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. പോലീസിന്റെ സാന്നിധ്യത്തിലാണ് കളക്ടര്‍ സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിരിക്കെ അവരുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയ മൊഴി അവര്‍ക്കെതിരായിരിക്കില്ലെന്നും അതിനാല്‍ തങ്ങളെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്ന ഏകപക്ഷീയമായ റിപ്പോര്‍ട്ട് പ്രകാരം നടപടിയുണ്ടായാല്‍ അത് പണിമുടക്കിലേക്ക് നയിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കുന്നു.
സ്വകാര്യബസ് സമയം തെറ്റിച്ച് ഓടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. സ്വകാര്യ ബസിന്റെ നടപടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചോദ്യം ചെയ്തത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കസ്റ്റഡിയിലെടുത്തതോടെ മിന്നല്‍ പണിമുടക്കിലേക്ക് കാര്യങ്ങള്‍ എത്തുകയും, ഒരാൾ മരിക്കാനിടയാകുകയുമായിരുന്നു.
Post Your Comments