പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം തിയാഗോ സില്‍വക്ക് ഫ്രഞ്ച് ലീഗ് വിട്ട് ബാഴ്സലോണയിലേക്കു ചേക്കേറാന്‍ താല്പര്യമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും നായകനായ ലയണല്‍ മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹമാണ് മുപ്പത്തിയഞ്ചുകാരനായ സില്‍വയെ ഫ്രഞ്ച് ടീം വിട്ട് ബാഴ്സലോണയിലേക്കു പ്രേരിപ്പിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്. മുമ്പ് തിയാഗോ സില്‍വയെ സ്വന്തമാക്കാന്‍ ബാഴ്സലോണ ശ്രമം നടത്തിയിട്ടുമുണ്ട്.
പിഎസ്ജിയുമായുള്ള തിയാഗോ സില്‍വയുടെ കരാര്‍ ഈ സീസണ് കഴിയുന്നതോടെ അവസാനിക്കാന്‍ പോവുകയാണ്. കരാര്‍ പുതുക്കാന്‍ ഒരു നീക്കവും പിഎസ്ജി നടത്താത്ത സ്ഥിതിക്ക് സീസണ് അവസാനിക്കുന്നതോടെ താരം ഒരു ഫ്രീ ഏജന്റായി മാറും. അങ്ങിനെ സംഭവിച്ചാല്‍ ഏതു ക്ലബിനെ വേണമെങ്കിലും സില്‍വക്കു തിരഞ്ഞെടുക്കാം. 2012ല്‍ പിഎസ്ജിയിലേക്കു ചേക്കേറുന്നതിനു മുമ്പ് ഇറ്റാലിയന്‍ ക്ലബ് എസി മിലാനിലാണ് സില്‍വ കളിച്ചിരുന്നത്. അവിടെ കളിച്ചിരുന്ന സമയത്താണ് ബാഴ്സലോണ സില്‍വക്കു വേണ്ടി ശ്രമം നടത്തിയിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതു നടക്കാതെ പോയി. പിഎസ്ജി പ്രതിരോധത്തിന്റെ നെടുംതൂണായി എട്ടു വര്‍ഷത്തോളം കളിച്ച താരം 309 മത്സരങ്ങള്‍ കളിച്ച് 20 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കോപ അമേരിക്ക കിരീടം ബ്രസീലിനൊപ്പം സ്വന്തമാക്കാനും സില്‍വക്കു കഴിഞ്ഞിരുന്നു.
ബാഴ്സലോണക്ക് എന്തെങ്കിലും താല്പര്യം ബ്രസീലിയന്‍ താരത്തോടുണ്ടെങ്കില് മെസിക്കൊപ്പം കളിക്കുകയെന്ന ലക്ഷ്യം നിറവേറ്റാമെന്നാണ് സില്‍വ കരുതുന്നത്. പിഎസ്ജി മികച്ച ഓഫര്‍ നല്കുകയാണെങ്കില് താരം ടീമില്‍ തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബാഴ്സലോണയും പിഎസ്ജിയും കൈവിട്ടാലും സില്‍വയെ സ്വന്തമാക്കാന്‍ നിരവധി ടീമുകള്‍ രംഗത്തുണ്ട്. ചൈനീസ് സൂപ്പര്‍ ലീഗിലെയും അമേരിക്കന്‍ ലീഗിലെയും ക്ലബുകള്‍ താരത്തിനു പിന്നാലെയുണ്ട്. ഈ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് തിയാഗോ സില്‍വ.
Post Your Comments