ന്യൂഡല്‍ഹി: ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു. കൊറോണ വൈറസ് ഇന്ത്യയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
എന്നാല്‍ പാരസെറ്റമോളിന്റെ കയറ്റുമതി നിരോധനം മറ്റ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പാരസെറ്റാമോളിന് പുറമെ വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറംഫെനിക്കോള്‍, ഒര്‍നിഡസോള്‍ തുടങ്ങിയവയുടെ ഉള്‍പ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവകളുമാണ് കയറ്റുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കൊറോണയെത്തുടര്‍ന്ന് ചൈനയിലെ ഫാക്ടറികള്‍ അടച്ചിട്ടിരുന്നു. ഇത് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മരുന്നുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതിനും തടസ്സമായി. ഇത് ഇന്ത്യയിലെ ഇത്പാദനത്തിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കയറ്റുമതി തത്കാലത്തേക്ക് നിരോധിച്ചിരിക്കുന്നത്.
Post Your Comments