Festivals

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിന് തുടക്കമായി

തിരുവനന്തപുരം:ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്, ക്ഷേത്രത്തില്‍ പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ട വ്രതത്തിന് ഇന്നു തുടക്കം കുറിച്ചു. 12 വയസ്സില്‍ താഴെയുള്ള 830 ബാലന്‍മാരാണ് ഇത്തവണ കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. ക്ഷേത്രത്തില്‍ 7 ദിവസം താമസിച്ച് 1008 നമസ്കാരം ദേവിക്കു മുൻപിൽ പൂര്‍ത്തിയാക്കണമെന്നാണ് അനുഷ്ഠാനം. രാവിലെ ഏഴരയ്ക്ക് പന്തീരടി പൂജകള്‍ക്ക് ശേഷം കുത്തിയോട്ട വ്രതത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമാകും. 9 ന് കുത്തിയോട്ട വ്രതം ആരംഭിക്കും.

ക്ഷേത്രക്കുളത്തില്‍ കുളിച്ച്‌ ഈറനോടെ ആറ്റുകാലമ്മയെ വണങ്ങി, പള്ളിപ്പലകയില്‍ ഏഴു വെള്ളിനാണയങ്ങള്‍ വച്ച്‌ ക്ഷേത്ര മേല്‍ശാന്തിക്ക് ദക്ഷിണ നല്‍കി വ്രതം ആരംഭിക്കും. ഒന്‍പതാം ഉത്സവ ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ച്‌ ദേവീ സന്നിധിയില്‍ ചൂരല്‍കുത്തും. തുടർന്ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തിന് കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും. തിരികെ ക്ഷേത്രത്തിലെത്തി ചൂരല്‍ ഇളക്കുന്നതോടെ വ്രതം അവസാനിക്കും. ഈ ദിവസങ്ങളില്‍ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വ്രതക്കാരെ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച്‌ ഒന്‍പതിനാണ് ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.

shortlink

Related Articles

Post Your Comments

Related Articles


Back to top button