മഞ്ചേരി: തട്ടിപ്പുകേസില്‍ സാഹസികമായി പോലീസ് പിടികൂടിയ പ്രതികള്‍ ഒടുവില്‍ കേസില്‍ നിന്ന് തടിയൂരി. എ.ടി.എം.തട്ടിപ്പുകേസില്‍ മഞ്ചേരി പോലീസ് പിടികൂടിയ പ്രതികളാണ് പരാതിക്കാരനുമായി ഒത്തുതീര്‍പ്പില്‍ എത്തി കേസില്‍ നിന്നും രക്ഷപ്പെട്ടത്. കേസില്‍ രണ്ട് വര്‍ഷം മുമ്പ് 5 പേരെയാണ് പോലീസ് പിടികൂടിയത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേരിക്കാരനായ പരാതിക്കാരനെ ബാങ്കില്‍നിന്നെന്നപേരില്‍ ഫോണ്‍ വിളിച്ച് ഒ.ടി.പി.നമ്പര്‍ കൈക്കലാക്കുകയും ഒന്നരലക്ഷത്തോളം രൂപ കവര്‍ന്നെന്നുമാണ് കേസ്. ഇതേ തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ തപ്പി ഇറങ്ങി. ആ യാത്ര ചെന്നെത്തിയത് ജാര്‍ഖണ്ഡിലാണ്. എന്നാല്‍ പോലീസ് അന്വേഷിച്ച് എത്തിയെന്നറിഞ്ഞതോടെ ഇവര്‍ രക്ഷപ്പെട്ടു. മാവോവാദിപ്രദേശമായതിനാല്‍ അന്വേഷണം നടത്തുന്നതിനും തടസ്സമുണ്ടായിരുന്നു. പിന്നീട് ദേവ്ഗഢിലെ സാറത്തില്‍ പ്രതികളെ തിരഞ്ഞപ്പോള്‍ ജനക്കൂട്ടം എതിര്‍ത്തു. അക്രമാസക്തമായതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ഒരുമാസത്തിനുശേഷം സായുധസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ 45-കാരിയായ സ്ത്രീയെ പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു പ്രതി ജയിലിലാണെന്ന് അറിഞ്ഞത്. രണ്ട് പേരെ ഇവിടുന്ന് അറസ്റ്റ് ചെയ്യുകയും തിരികെ നാട്ടില്‍ വരികയും ചെയ്തു. പിന്നീട് വീണ്ടും പ്രതികള്‍ക്കായി വലവിരിക്കുകയും യുവതിയുള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജംതാര ജില്ലയിലെ കര്‍മാട്ടറയില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. വേഷം മാറിയും അപകടങ്ങള്‍ അതിജീവിച്ചുമാണ് പ്രതികളെ കുടുക്കിയത്. ഇതിനായി നാലുതവണയാണ് പ്രതികളെ തിരഞ്ഞ് പോലീസ് ജാര്‍ഖണ്ഡില്‍ പോയതും.
എന്നാല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മുങ്ങി. തുടര്‍ന്ന് മഞ്ചേരി മജിസ്ട്രേറ്റ് കോടതി അറസ്റ്റുവാറന്റും പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പായെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. അതോടെ എഫ്.ഐ.ആര്‍.റദ്ദാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് പ്രതികള്‍ കേസില്‍ നിന്ന് തടിയൂരിയത്.
Post Your Comments