Latest NewsNewsIndia

യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രം : പൗരത്വ നിയമം, കശ്മീര്‍ വിഷയം എന്നിവയില്‍ ഇന്ത്യയെ വിമര്‍ശിയ്ക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നു മടിയ്ക്കും

ന്യൂഡല്‍ഹി : ഇക്കഴിഞ്ഞ ഫെബ്രുവരി 24, 25 തിയതികളില്‍ ലോകരാഷ്ട്രങ്ങളുടെ കണ്ണുകള്‍ ഇന്ത്യയിലേയ്ക്കായിരുന്നു. ഈ ദിവസങ്ങളിലായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിയ്ക്കാനെത്തിയത്. യു.എസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവും നല്ല ജനാധിപത്യ രാജ്യവും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ നയതന്ത്ര നിക്ഷേപമാണ് സന്ദര്‍ശനമെന്നാണ് ഒരു വാദം. എന്നാല്‍ ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയിട്ടുള്ള രാഷ്ട്രീയ മാമാങ്കമായിരുന്നു സന്ദര്‍ശനം എന്നതാണ് മറുവാദം. ഇത് പലരും ശരിവെയ്ക്കുന്നുമുണ്ട്.

Read Also : നമസ്‌തേ ട്രംപ് രാജ്യത്തെ ടെലിവിഷനുകളില്‍ കണ്ടവരുടെ കണക്ക് ബാര്‍ക്ക് പുറത്തുവിട്ടു

യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രം. എന്തെന്നാല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തനു പുറത്ത് ഇന്ത്യയ്ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ലോകരാഷ്ട്രങ്ങളൊന്ന് മടിയ്ക്കും, പ്രത്യേകിച്ച് പാകിസ്ഥാന്‍-ചൈന പോലുള്ള അയല്‍രാജ്യങ്ങള്‍ക്ക്. ഇത് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തിയതെന്നാണ് ഒരു വിഭാഗം രാഷ്ട്രതന്ത്രജ്ഞരുടെ വാദം.

ഏഷ്യയിലും ആഗോളരംഗത്തും ഇന്ത്യയ്ക്ക് തടയിടാന്‍ ഇന്തോ പസഫിക് മേഖലയില്‍ ചൈന വലിയ സുരക്ഷാഭീഷണിയാണ്. ചൈനയ്ക്ക് ഇന്ത്യയുടെ വന്‍ശക്തി മോഹങ്ങള്‍ക്ക് തടയിടാന്‍ കെല്പുണ്ട്. ഇത്തരത്തില്‍ പ്രാദേശികവും അന്താരാഷ്ട്രീയവുമായ ഭീഷണികള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ ചങ്ങാത്തം ആവശ്യമാണ്. ചൈനയുടെ വര്‍ദ്ധിക്കുന്ന സ്വാധീനത്തിന് തടയിടാന്‍ അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായം കൂടിയേ തീരൂ. സമഗ്ര തന്ത്രപരമായ ബന്ധത്തിന്റെ പൊരുള്‍ ഇതാണ്. ഇതിനോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കാവുന്നതാണ് ഐ.എസ്.ആര്‍.ഒയും നാസയും ചേര്‍ന്നുള്ള സംയുക്ത സംരംഭം, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സംരഭങ്ങള്‍ , ഭീകരവാദം പ്രത്യേകിച്ചും പാകിസ്ഥാനില്‍ നിന്നും തുടച്ചുനീക്കാനുള്ള തീരുമാനം എന്നിവ.

കാശ്മീര്‍ , പൗരത്വനിയമം, സാമ്ബത്തികമാന്ദ്യം തുടങ്ങിയ പ്രശ്നങ്ങളില്‍ പ്രതിരോധത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പൗരത്വ വിഷയത്തില്‍ അന്താരാഷ്ട്ര വിമര്‍ശനം നേരിടുന്ന മോദിക്ക് ട്രംപിന്റെ സന്ദര്‍ശനം ഒരു കവചമാണ്. അമേരിക്ക പിന്തുണച്ചാല്‍ പല ലോകരാജ്യങ്ങളും ഇക്കാര്യത്തില്‍ മൗനം പാലിക്കും. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്നാണ് ട്രംപിന്റെ പക്ഷം. ലോകത്തിലെ ഏറ്റവും ശക്തനായ വെള്ളക്കാരന്‍ ഭരണാധികാരിയെ കരവലയത്തിലൊതുക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button