ചങ്ങനാശേരി കോട്ടമുറി പുതുജീവന്‍ സൈക്യാട്രിക് ആശുപത്രിയിലെ ദുരൂഹമരണങ്ങള്‍, മരിച്ചവര്‍ക്ക് നല്‍കിയത് ഈയം കലര്‍ന്ന മരുന്നാണെന്ന് സംശയം. ആശുപത്രിയില്‍ 8 വര്‍ഷത്തിനിടെ 33 പേര് മരിച്ചതായി അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് അനില്‍ ഉമ്മന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ 3 പേരുടേത് ആത്മഹത്യ. മരിച്ചവരില്‍ 16 പേര് 60 വയസ്സില്‍ താഴെയുള്ളവരും ബാക്കിയുള്ളവര്‍ 60നു മുകളിലുള്ളവരുമാണ്. 33 മരണങ്ങള് സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 3 പേര്‍ക്കും അമിതമായി ഈയം കലര്‍ന്ന മരുന്നു നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മരണങ്ങള് വിവാദമായതോടെ ബന്ധുക്കളെത്തി 17 അന്തേവാസികളെ വീടുകളിലേക്കു വിളിച്ചുകൊണ്ടുപോയി. ഇന്നലെ ഒരു അന്തേവാസിയെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വിവിധ അന്വേഷണ ഏജന്‍സികള്‍ ഇവിടെ പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് കേന്ദ്രത്തില്‍ എത്തിയ അനില്‍ ഉമ്മനും സംഘവും അന്തേവാസികള്‍, പരിസരവാസികള്‍ എന്നിവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പു സംബന്ധിച്ചു പരിസരവാസികള്‍ പരാതികള്‍ അറിയിച്ചു.
കൗണ്‍സിലിംഗിനും പരിശോധനയ്ക്കുമായി ഒരു വര്‍ഷത്തിനിടയില്‍ 5 കുട്ടികള്‍ എത്തിയിരുന്നതായി കണ്ടെത്തി. ഇവരുടെ വിലാസം ശേഖരിച്ചു. ശിശുക്ഷേമസമിതി അധ്യക്ഷ ഷീജ അനിലും സ്ഥലത്തു പരിശോധനയ്ക്ക് എത്തി. ആശുപത്രിയിലെ അന്തേവാസികളായിരുന്ന ഷെറിന് (44), ഗിരീഷ് (41), ഏബ്രഹാം യൂഹാനോന്‍ (21) എന്നിവര്‍ കഴിഞ്ഞ 25, 27, 29 തീയതികളിലായാണു മരിച്ചത്. മുറിയില്‍ കുഴഞ്ഞു വീണ ഷെറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണു മരണം. തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങര ശിവ അരവിന്ദത്തില്‍ ഗിരീഷ്(41), തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 27നാണു മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ വാകത്താനം തോട്ടയ്ക്കാട് ഇരവുചിറ താന്നിക്കുന്നേല്‍ ഏബ്രഹാം യുഹാനോന്‍ (21) മരിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഗിരീഷിന്റെ മൃതദേഹം, പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണു സംസ്കരിച്ചത്.
Post Your Comments