കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദ് അറസ്റ്റില്‍. കേസില്‍ സി പി എം തൃക്കാക്കരലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അന്‍വറും സഹായി മഹേഷും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കളക്ട്രേറ്റിലെ സെക്ഷന്‍ ഓഫീസറായിരുന്ന വിഷ്ണുപ്രസാദിനെ സസ്‌പെന്റ് ചെയ്തിരുന്നു. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലാ ഭരണകൂടം എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിനാണ് പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. ജനുവരി 24 നാണ് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയ 10.54 ലക്ഷം രൂപയില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. പ്രളയം പോയിട്ട് നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളില്‍ എങ്ങനെയാണ് അന്‍വറിന് പ്രളയ ധനസാഹയം കിട്ടുന്നതെന്ന് സംശയം തോന്നിയ സഹകരണ ബാങ്ക് അധികൃതര്‍, ജില്ലാ കളക്ടടറെ കണ്ട് കാര്യം തിരക്കിയപ്പോളാണ് തുക അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമായത്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ പണം തിരിച്ചുപിടിച്ചു.
തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു അന്‍വറിനെ പിന്നീട് പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. എന്നാല്‍ പ്രളയ സഹായത്തിന് താന്‍ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. അങ്ങനെയെങ്കില്‍ ഒന്നുമറിയാത്ത അന്‍വര്‍ എങ്ങനെ അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നതെന്ന ചോദ്യവും ഉയര്‍ന്നു. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് പോലും നാല് ലക്ഷം രൂപ പരമാവധി അനുവദിക്കാന്‍ മാത്രം നിര്‍ദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്റെ അക്കൗണ്ടില്‍ എത്തിയിരിക്കുന്നത്.
Post Your Comments