KeralaLatest NewsNews

ലോക കാന്‍സര്‍ ദിനത്തില്‍ ഒരു ‘പ്രമുഖ പത്രത്തില്‍’ ചക്ക ഉപയോഗിച്ചാല്‍ കാന്‍സര്‍ കീമോതെറാപ്പി മൂലമുള്ള വേദനകള്‍ക്ക് പരിഹാരം … ഈ വാര്‍ത്ത സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു..വാര്‍ത്ത അതിശയോക്തിപരം… യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്തി ഇന്‍ഫോക്ലിനികിന്റെ കുറിപ്പ്

 

 

ലോക കാന്‍സര്‍ ദിനത്തില്‍ ഒരു ‘പ്രമുഖ പത്രത്തില്‍’ ചക്ക ഉപയോഗിച്ചാല്‍ കാന്‍സര്‍ കീമോതെറാപ്പി മൂലമുള്ള വേദനകള്‍ക്ക് പരിഹാരം … ഈ വാര്‍ത്ത സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു..വാര്‍ത്ത അതിശയോക്തിപരം… യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്തി ഇന്‍ഫോക്ലിനികിന്റെ കുറിപ്പ്

പച്ചച്ചക്ക കാന്‍സര്‍ രോഗികളില്‍ *കീമോ പ്രശ്‌നങ്ങള്‍* പരിഹരിച്ചതായി പഠനം.’ എന്നതാണ് ഹൈലൈറ്റ് വാചകം! ‘കീമോ ചികിത്സയുടെ വേദനാജനകമായ പാര്‍ശ്വഫലങ്ങള്‍ക്ക് ചക്കയിലൂടെ മോചനം’ എന്ന് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരിക്കയാണ്. കീമോതെറാപ്പി മൂലം വരുന്ന കടുത്ത ക്ഷീണം, വയറിളക്കം, ന്യുമോണിയ, വായിലെ വ്രണം എന്നീ പാര്‍ശ്വഫലങ്ങള്‍ ‘പച്ചച്ചക്ക പൊടി’ നല്‍കിയാല്‍ ‘വരുന്നില്ല’ എന്ന് പഠനം കണ്ടെത്തിയെന്ന് പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആശുപത്രിയിലെ ഒരു സഹപ്രവര്‍ത്തകയുടെ മകള്‍ക്ക് ഈയടുത്താണ് സ്തനാര്‍ബുദം കണ്ടെത്തിയത്. കീമോതെറാപ്പിയും തുടങ്ങി. അങ്ങനെ കീമോ തുടരുന്നതിനിടയിലാണറിയുന്നത്, അവര്‍ മകള്‍ക്ക് കൊടുക്കാന്‍ ചക്ക തേടി നടക്കുകയായിരുന്നു എന്ന്! ചക്ക സീസണ്‍ തുടങ്ങുന്നല്ലേയുള്ളൂ, കിട്ടാനില്ല. കീമോ കാരണമുള്ള സകലപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ചക്കയെന്ന് വിശ്വസിച്ചാണ് അവരീ നെട്ടോട്ടമോടുന്നത്.

കീമോതെറാപ്പി നല്‍കുമ്പോളുണ്ടാക്കുന്ന പ്രശ്‌നങ്ങളെല്ലാം ചക്ക ഇല്ലാതാക്കും എന്ന ധാരണ അവര്‍ക്കുണ്ടായത് പ്രമുഖ പത്രത്തില്‍ വന്ന ‘വാര്‍ത്തയില്‍’ നിന്നാണ്. വാര്‍ത്ത വന്ന് അധിക ദിനങ്ങളായിട്ടില്ല എന്നോര്‍ക്കണം.

ശാസ്ത്ര സംബന്ധമായ വാര്‍ത്തകള്‍ വസ്തുതാപരമല്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പരിണിതഫലമാണിത്. വരും നാളുകളില്‍ ഇനിയെത്ര രോഗികള്‍ ക്യാന്‍സറിന് ചക്ക മതിയെന്നോ, വാര്‍ത്തകളിലൂടെ മാര്‍ക്കറ്റ് ചെയ്യുന്ന ബ്രാന്‍ഡ് ചക്കപ്പൊടി മതിയെന്നോ തെറ്റിദ്ധരിക്കപ്പെട്ട് കീമോതെറാപ്പി മുടക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും എന്ന് കണ്ടറിയാം.

A) ചക്ക ഒരു മരുന്നോ, രോഗ പ്രതിവിധിയോ ആണോ?
ശാസ്ത്രം അങ്ങനെ തെളിയിച്ചുവോ ?!

ഇല്ല!

മോഡേണ്‍ മെഡിസിനില്‍ ഉപയോഗിക്കുന്ന 45% ത്തോളം മരുന്നുകളും പ്രകൃതിജന്യമായ ഉറവിടങ്ങളില്‍ നിന്നാണ് വേര്‍തിരിച്ചെടുത്തിട്ടുള്ളത്. മനുഷ്യര്‍ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന എല്ലാ സസ്യഫലമൂലാദികളിലും ഏറിയും കുറഞ്ഞും ഔഷധ പ്രഭാവങ്ങളും ഉണ്ട്. ഇവയെക്കുറിച്ചൊക്കെ ശാസ്ത്രം നിരന്തരം പഠനങ്ങള്‍ നടത്താറുണ്ട്.
ഉദാഹരണമായി anticancerous properties of guava / mango/ pineapple/Apple /ഓറഞ്ച് എന്നിങ്ങനെ ഓരോന്നായി ഗൂഗിള്‍ ചെയ്തു നോക്കൂ. ഓരോന്നിന്റെയും കാന്‍സറിനെതിരായ പ്രഭാവങ്ങള്‍ ലാബില്‍ കണ്ടെത്തിയതിനെക്കുറിച്ച് നൂറു കണക്കിന് പഠനങ്ങള്‍ പ്രമുഖ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചതായി കാണാന്‍ കഴിയും.

B) എന്നാല്‍ ഇവയൊന്നും കാന്‍സറിന് അത്ഭുത മരുന്നായിട്ട് ഇറങ്ങിയിട്ടില്ല താനും! അതെന്ത് കൊണ്ടാവും?

ഒരു ഔഷധപ്രഭാവമുള്ള വസ്തു പ്രകൃതിജന്യമായി കണ്ടെത്തിയാല്‍ മാത്രം പോരാ, അതൊരു സുരക്ഷിതമായ മരുന്നായി മനുഷ്യരില്‍ പ്രയോഗിക്കുന്ന തലത്തിലേക്ക് എത്തണമെങ്കില്‍ ശാസ്ത്രീയമായ അനേകം കടമ്പകള്‍ കടക്കണം.

എന്നാല്‍ ലക്ഷ്മിതരുവും മുള്ളാത്തയും, പപ്പായനീരും തുടങ്ങി അനവധി ഭക്ഷ്യവസ്തുക്കള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള പലവിധ രോഗപരിഹാരത്തിന് അത്യുത്തമം എന്ന രീതിയില്‍ പ്രചരണങ്ങള്‍ അടുത്തിടെ സജീവമാണ്. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങി ആരോഗ്യവും ജീവനും വരെ നഷ്ടപ്പെട്ടവര്‍ ചുരുക്കമല്ല.

ഒടുവിലായി കേട്ടു തുടങ്ങിയിരിക്കുന്നത് ചക്കയുടെ ഔഷധ മാഹാത്മ്യമാണ്. പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുവാണ് ചക്കയെന്നതിലുപരി മലയാളിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഒരു സ്‌നേഹം ചക്കയോടുണ്ട്, ഇത് മുതലെടുത്താണ് പല പ്രചരണങ്ങളും!

ഇക്കഴിഞ്ഞ ലോക കാന്‍സര്‍ ദിനത്തില്‍ ഒരു പ്രമുഖ പത്രത്തില്‍ ചക്ക കാന്‍സര്‍ കീമോതെറാപ്പി മൂലമുള്ള വേദനകള്‍ക്ക് പരിഹാരം എന്ന നിലയില്‍ വന്ന അതിശയോക്തിപരവും അവാസ്തവഭരിതവുമായ വാര്‍ത്ത സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്തി തുടങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്തയ്ക്ക് പിന്നിലെ സത്യവും മിഥ്യയും, വാര്‍ത്ത ആസ്പദമാക്കിയിരിക്കുന്ന പഠനത്തിന്റെ ആധികാരികതയും പ്രസക്തിയും അപഗ്രഥിക്കുകയാണ് ഇന്‍ഫോ ക്ലിനിക്ക്.

??വാര്‍ത്തയിലെ അപാകതകള്‍??

1.വാര്‍ത്തയില്‍ കടന്നു കൂടിയ അവാസ്തവങ്ങള്‍

‘പച്ചച്ചക്ക കാന്‍സര്‍ രോഗികളില്‍ *കീമോ പ്രശ്‌നങ്ങള്‍* പരിഹരിച്ചതായി പഠനം.’ എന്നതാണ് ഹൈലൈറ്റ് വാചകം! ‘കീമോ ചികിത്സയുടെ വേദനാജനകമായ പാര്‍ശ്വഫലങ്ങള്‍ക്ക് ചക്കയിലൂടെ മോചനം’ എന്ന് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരിക്കയാണ്. കീമോതെറാപ്പി മൂലം വരുന്ന കടുത്ത ക്ഷീണം, വയറിളക്കം, ന്യുമോണിയ, വായിലെ വ്രണം എന്നീ പാര്‍ശ്വഫലങ്ങള്‍ ‘പച്ചച്ചക്ക പൊടി’ നല്‍കിയാല്‍ ‘വരുന്നില്ല’ എന്ന് പഠനം കണ്ടെത്തിയെന്ന് പറയുന്നു.

വാസ്തവം: കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഈ പഠനത്തില്‍ ഒരേയൊരു പാര്‍ശ്വഫലം മാത്രമാണ് പഠനവിധേയമാക്കിയത്. കീമോതെറാപ്പിക്ക് വിധേയമാവുന്ന രോഗികളില്‍ ഉണ്ടാവുന്ന ശ്വേതരക്താണുക്കളിലെ കുറവ് പരിഹരിക്കാന്‍ പച്ച ചക്കയ്ക്ക് കഴിയുമോ എന്ന് മാത്രം.

വാര്‍ത്തയില്‍ പറയുന്ന മറ്റ് പാര്‍ശ്വഫലങ്ങളില്‍ ചക്കയ്ക്ക് പരിഹാരം നല്‍കാനാവുമോയെന്ന് പഠനവിധേയമാക്കിയിട്ടേയില്ല. മറ്റൊരു പാര്‍ശ്വഫലവും കുറയ്ക്കുമെന്ന് പഠനം അവകാശപ്പെടുന്നില്ല.

2.വസ്തുതാപരമായ ശാസ്ത്ര റിപ്പോര്‍ട്ടിങ്ങിന് പകരം അതിശയോക്തി/സെന്‍സേഷണലിസം!

ഒരു അത്ഭുത പ്രതിവിധി കാന്‍സറിന് കണ്ടെത്തിയെന്ന വിധം ‘ചക്ക മാഹാത്മ്യം’ സെന്‍സേഷണലൈസ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്. കേവലമൊരു ചെറിയ പഠനത്തെ മുന്‍നിര്‍ത്തി മാത്രം ഒരു ശാസ്ത്രീയ ‘ബ്രേക്ക് ത്രൂ’ എന്ന രീതിയില്‍ പര്‍വ്വതീകരിച്ച് അതിശയോക്തിപരമായി അവതരിപ്പിച്ചിരിക്കുന്നു.

3.വാര്‍ത്തയുടെ വിവിധ വശങ്ങള്‍ വായനക്കാരെ അറിയിക്കും തരത്തില്‍ നിഷ്പക്ഷമാവണമത്രേ റിപ്പോര്‍ട്ടിങ്ങ്! ഇവിടെയോ?

മാധ്യമപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും സത്യമന്വേഷിക്കുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്നു. മുന്‍വിധികള്‍ മാറ്റിവച്ച് തെളിവുകള്‍ ഏങ്ങോട്ട് നയിക്കുന്നുവോ അങ്ങോട്ടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു, വാര്‍ത്തയുടെ മറുവശം കൂടി പൊതു സമക്ഷം അറിയിക്കുന്നു, ഇതൊക്കെയാണ് മാതൃകാപരമായ രീതി.

കണ്ടുപിടുത്തങ്ങള്‍ വലിയ അവകാശവാദങ്ങളായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് സാധാരണ ഗതിയില്‍ കപടശാസ്ത്രങ്ങളുടെ രീതിയായി പറയാറുണ്ട്. ഉദാ: രാമര്‍ പെട്രോള്‍

ഒരു ശാസ്ത്രീയ കണ്ടെത്തലിനെക്കുറിച്ചാവുമ്പോള്‍ ഉത്തമമാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തുക,

a)പഠനം നടത്തിയവര്‍ക്ക് ആ മേഖലയില്‍ പ്രസക്തമായ ഒരു ശാസ്ത്രീയ പശ്ചാത്തലം ഉണ്ടോ?

b)അവര്‍ ഗവേഷകരെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടോ? സജീവമായ ഒരു ഗവേഷണ കരിയര്‍ ഉള്ളവരാണോ? സഹശാസ്ത്രജ്ഞര്‍ക്കിടയില്‍ അവരുടെ നിലയും വിലയും എന്താണ്?

c)വിദഗ്ദ്ധന്റെ വീക്ഷണങ്ങളെ അനാവശ്യമായി സ്വാധീനിച്ചേക്കാവുന്ന ഏതെങ്കിലും താല്‍പ്പര്യ വൈരുദ്ധ്യങ്ങളോ ബാഹ്യ ഓര്‍ഗനൈസേഷനുമായുള്ള ബന്ധമോ കണ്ടെത്താനാകുമോ?

ഈ വാര്‍ത്തയെ വിശകലനം ചെയ്താല്‍,

i)ശാസ്ത്രീയ പഠനങ്ങള്‍ സുതാര്യമാവണമെന്ന നിഷ്‌കര്‍ഷയാല്‍, പഠനം നടത്തുന്നവര്‍ക്ക് പ്രത്യേക താല്‍പ്പര്യങ്ങള്‍ വിഷയ സംബന്ധമായി ഉണ്ടോ എന്ന് വെളിപ്പെടുത്തണം. അത്തരത്തിലൊരു താല്‍പ്പര്യം ഉള്ളത് പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പൊതു സമക്ഷം അതറിയിക്കേണ്ടത് പ്രസക്തമായി പത്രലേഖകന്‍ കരുതിയിട്ടില്ല!

ചക്ക കൊണ്ട് പ്രമേഹം കുറയ്ക്കുമെന്ന് മുന്‍പ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വ്യക്തിയെ ലേഖകന്‍ അവതരിപ്പിക്കുന്നത് മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ ആണെന്നാണ്. എന്നാല്‍ പഠനത്തില്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട് അദ്ദേഹം ചക്കപ്പൊടി ഉത്പാദിപ്പിക്കുന്ന ഒരു പ്രമുഖ കമ്പനി നടത്തുകയാണെന്ന് (6 വര്‍ഷമായി). എന്നാലിത് വാര്‍ത്തയിലില്ല. വാര്‍ത്ത വായിച്ചാല്‍ ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കും പ്രസ്തുത വ്യക്തി ‘മെഡിക്കല്‍’ മേഖലയില്‍ ഡിഗ്രികളുള്ള ശാസ്ത്രജ്ഞനാണെന്ന്, അല്ലെന്നതാണ് സത്യം.

ii)ശാസ്ത്ര പഠനത്തെ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകും വിധം അവതരിപ്പിക്കാന്‍ സാങ്കേതിക പരിജ്ഞാനമുള്ള സംവിധാനമോ, പ്രത്യേകം നിയോഗിക്കപ്പെട്ട വ്യക്തികളോ പല മാധ്യമങ്ങളിലും ഇല്ലാത്തത് പരിമിതികള്‍ക്ക് കാരണമാവാം.
ഏതെങ്കിലും കമ്പനിയുടെ പ്രസ് റിലീസ് അല്ലെങ്കില്‍ പ്രോഡക്റ്റ് ഇന്‍ഫര്‍മേഷന്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഈ വാര്‍ത്തയെ ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ കുറ്റം പറയാനാവില്ല.

iii)എന്താണ് ഇത്തരം വാര്‍ത്തകള്‍ ആരോഗ്യ മേഖലയിലുണ്ടാക്കുന്ന മോശം പ്രത്യാഘാതങ്ങള്‍ ?

*ഇതില്‍ തെറ്റിദ്ധരിക്കപ്പെട്ട് ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും പച്ചച്ചക്ക ഉത്തമം എന്ന നിലയില്‍ ലളിതവല്‍ക്കരിക്കാനിടയുണ്ട്.
*കീമോ ചികിത്സ എടുക്കാതിരിക്കുകയോ മുടക്കുകയോ ചെയ്യാനിടയുണ്ട്.
*പ്രത്യേകിച്ച് ഇത്തരം സംഗതികള്‍ പ്രചരിപ്പിക്കുന്ന സ്ഥാപിത വ്യവസായ താല്‍പ്പര്യക്കാരും, കപട ചികിത്സകരുമൊക്കെ സമൂഹത്തിലുള്ളതിനാല്‍.
* ക്യാന്‍സറിന് ചക്ക എന്ന ലളിത സമീകരണ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴേ പടര്‍ന്നു തുടങ്ങി.
*പലരെയും അശാസ്ത്രീയ രീതികള്‍ അവലംബിക്കുന്നതിലേക്കും കാന്‍സര്‍ രോഗം ഗുരുതരമാക്കുന്നതിലേക്കും ഇത് നയിച്ചേക്കും.

??കൊട്ടിഘോഷിക്കുന്ന പ്രസക്തിയോ മികവോ ശാസ്ത്രീയതയോ ഈ പഠനത്തിനുണ്ടോ???

മുന്‍വിധികളില്ലാതെ നിഷ്പക്ഷമായി നിരീക്ഷിച്ചാല്‍ ഇല്ല. വിശദീകരിക്കാം.

ഒരു പഠനത്തിന്റെ രൂപകല്‍പ്പനയുടെ മികവ്, ശാസ്ത്രീയതയൊക്കെ നിശ്ചയിക്കുന്ന ഘടകങ്ങളിലൊന്നാണ് falsifiability അതായത് പഠനഫലം തെറ്റാണെന്ന് തെളിയിക്കാനുള്ള സാധ്യത.
അടിസ്ഥാന ശാസ്ത്രീയ രീതികളിലൊന്നാണ് പഠനത്തെ ചോദ്യം ചെയ്യല്‍. അത്തരമൊരു രീതിയില്ലായിരുന്നെങ്കില്‍ ഭൂമിയിപ്പോഴും പരന്നതാണെന്ന ധാരണയില്‍ നാം തുടര്‍ന്നേനെ.
ശാസ്ത്രത്തെ പിഴവുറ്റതും മികവുറ്റതുമാക്കുന്ന ഈ രീതി സ്വാഗതം ചെയ്യുന്നവരാണ് മികച്ച ഗവേഷകര്‍. എന്നാല്‍ ഈ പഠനത്തിന്റെ വക്താക്കളോട് നിലവില്‍ സാധ്യമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയാണ്.

പ്രതിവാദമായി ഉന്നയിക്കുന്നത് Appeal to authority പോലുള്ള fallacies (വാദവൈകല്യങ്ങള്‍) ആണ് (അതായത് പഠനം ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു, അവതരിപ്പിച്ചപ്പോള്‍ പ്രമുഖര്‍ കൈയ്യടിച്ചു, ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്കുള്ള യോഗ്യതയെന്ത്? പോലുള്ള പ്രതികരണങ്ങള്‍). നല്ല ഗവേഷകര്‍ തങ്ങളുടെ പഠനങ്ങളില്‍ പക്ഷപാതങ്ങളും, വ്യക്തിഗത താല്‍പ്പര്യങ്ങളും കടന്നു വരരുത് എന്ന് നിഷ്‌കര്‍ഷയുള്ളവരും, ശാസ്ത്രീയ പഠന രീതികളില്‍ വെള്ളം ചേര്‍ക്കരുത് എന്ന് കരുതുന്നവരും, ചോദ്യങ്ങളോട് തുറന്ന സമീപനം പുലര്‍ത്തുന്നവരും ആവേണ്ടതാണ്.

വിരോധാഭാസം എന്തെന്നാല്‍ ഗവേഷകനായ മെഡിക്കല്‍ ഡോക്ടര്‍ പബ്ലിഷ് ചെയ്തത് ഈ ഒരു പഠനം മാത്രമെന്നാണ് അത്തരം ഫോറങ്ങള്‍ പരതുമ്പോള്‍ ലഭ്യമാവുന്ന വിവരം.(കൂടുതല്‍ വിവരം ലഭ്യമാക്കിയാല്‍ തിരുത്താം)

പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമായത് കൊണ്ട് തന്നെ ഈ പഠനത്തിന്റെ ആധികാരികതയെയും, പഠനരീതികളെയും സംബന്ധിച്ച സംശയങ്ങളും, നിരീക്ഷണങ്ങളും പൊതു സമൂഹത്തിന് മുന്നില്‍ നിഷ്പക്ഷമായി തുറന്നുകാട്ടാന്‍ ഇന്‍ഫോക്ലിനിക്ക് ശ്രമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button