ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയ 22 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അഭ്യൂഹത്തിന് പിന്നാലെ ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചത് ആശങ്ക സൃഷ്ടിച്ചു. അടച്ച മെട്രോ സ്റ്റേഷനുകള്‍ അര മണിക്കൂറിന് ശേഷം തുറന്നു. നക്ലോയി, സൂരജ്മാള്‍ സ്റ്റേഡിയം, ബദര്‍പുര്‍, തുഗ്ളക്കാബാദ്, ഉത്തം നഗര്‍ വെസ്റ്റ്, നവഡ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.
ഞായറാഴ്ച രാവിലെ മുതല്‍ സോഷ്യല്‍ മീഡിയ വഴി ഇത്തരം പ്രചരണങ്ങള്‍ വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. പലരും വീട്ടില്‍ നിന്നു പുറത്തിറങ്ങിയില്ല. എന്നാൽ മെട്രോ സ്റ്റേഷനുകൾ അടച്ചത് ചൂതാട്ട സംഘത്തെ കുടുക്കാനായി ആയിരുന്നു എന്നാണ് പോലീസ് വിശദീകരണം. ചില സ്ഥലങ്ങളില്‍ പ്രചാരണത്തെ തുടര്‍ന്ന് കടകളടച്ചു. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും ശക്തമായ നടപടി ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
ഗോവിന്ദപുരിയിലും കാല്‍ക്കാജിയിലും ജനങ്ങള്‍ സംഘടിക്കുകയാണെന്ന തെറ്റായ വാട്സ്ആപ് സന്ദേശം ലഭിച്ചെന്ന് ആം ആദ്മി എംഎല്‍എ അതിഷി അറിയിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.
Post Your Comments