ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതി പൗരത്വം ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യാമാക്കാന്‍ സഹായിക്കുന്നുവെന്നും ഒരു മുസ്ലിം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്നും പ്രശസ്‌ത സംഗീതജ്ഞൻ അദ്‌നാന്‍ സാമി.
പൗരത്വ നിയമ ഭേദഗതി ഇന്ത്യക്കാരെ ബാധിക്കില്ലെന്നും പത്മശ്രീ ജേതാവ് കൂടിയായ അദ്‌നാന്‍ സാമി പറഞ്ഞു. കവാഡിയയില്‍ നടന്ന ഇന്ത്യ ഐഡിയ കോണ്‍ക്ലേവ് 2020 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരെ മാത്രം ബാധിക്കുന്ന ഒന്നാണ്. പൗരത്വ ഭേദഗതിയെ ചിലര്‍ രാഷ്ട്രീയവത്കരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഒരു ഗായകനെന്ന നിലയില്‍ സമാധാനത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമാണ് താന്‍ സംസാരിക്കാറുള്ളത്. എല്ലാവരോടും സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്ത് സമാധാനം പുന: സ്ഥാപിക്കാന്‍ ഉടന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് നഷ്ടപ്പെട്ട സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്നും അദ്‌നാന്‍ സാമി പറഞ്ഞു.
ഒരു ഭാരതീയൻ എന്ന നിലയില്‍ എല്ലാ മതങ്ങളേയും താന്‍ ബഹുമാനിക്കുന്നു. എല്ലാ മതങ്ങളേയും മനുഷ്യത്വത്തേയും താന്‍ ആഘോഷിക്കുന്നു. മുസ്ലീമെന്ന നിലയില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത്. അത് എത്രത്തോളമുണ്ടെന്ന് തനിക്ക് വിവരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments