സിറിയ: സിറിയയിൽ തുർക്കിയുടെ ഡ്രോണ്‍ ആക്രമണത്തിൽ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇദ്‌ലിബില്‍ ആണ് ഡ്രോണ്‍ ആക്രമണം നടന്നത്. സിറിയയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇദ്‌ലിബില്‍ തുര്‍ക്കിയുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്.
ജബല്‍ അല്‍ സാവിയ മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് ആണ് ഇത് അറിയിച്ചത്. വെള്ളിയാഴ്ച സിറിയ നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം രൂക്ഷമായത്. അതേസമയം, സിറിയന്‍ വ്യോമമേഖലയില്‍ തുര്‍ക്കി വിമാനങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് നല്‍കാനാകില്ലെന്ന് റഷ്യ വ്യക്തമാക്കി.
സിറിയയിലെ ഇദ്‌ലിബ് മേഖല തുര്‍ക്കി സൈന്യത്തിന്റെ പിന്തുണയോടെ വിമതര്‍ കയ്യടക്കിയിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് സിറിയയുടെ ശ്രമം. സിറിയയ്ക്ക് റഷ്യയുടെ പിന്തുണയുണ്ട്. തുര്‍ക്കി സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങണമെന്ന് തുര്‍ക്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ആക്രമണം നേരിടേണ്ടിവരുമെന്ന് തുര്‍ക്കി മുന്നറിയിപ്പും നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ തുര്‍ക്കിയും റഷ്യയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് ലോകം.
Post Your Comments