Latest NewsNewsIndia

ഡല്‍ഹിയില്‍ കനാലില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രശ്‌ന ബാധിത പ്രദേശത്തുനിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഭാഗീരഥി വിഹാറിലെ കനാലില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഗോകല്‍പുരിയിലെ കനാലില്‍ നിന്ന് ഒരാളുടെ മൃതദേഹവുമാണ് ഞായറാഴ്ച കണ്ടെടുത്തത്. ഇതോടെ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഫെബ്രുവരി 23ന് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഉണ്ടായ സംഘര്‍ഷങ്ങളാണ് തലസ്ഥാന നഗരത്തെ കലാപ സമാനമാക്കി മാറ്റിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ പെട്ടെന്ന് നിയന്ത്രണാതീതമായ രീതിയില്‍ വ്യാപിക്കുകയായിരുന്നു. പിന്നീട് ദില്ലി ഹൈക്കോടതി അര്‍ദ്ധരാത്രിയില്‍ ചേര്‍ന്ന് വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നത്. മാത്രവുമല്ല ഈ അക്രമണത്തില്‍ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ നിന്ന് 38 പേരുടെ മരണവും എല്‍എന്‍ജെപി ആശുപത്രിയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേരുടെ മരണവുമാണ് സ്ഥിരീകരിച്ചിരുന്നത്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 11 പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്.

അടിയന്തരമായി ദില്ലി പോലീസ് വിഷയത്തില്‍ ഇടപെടണമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ദില്ലി ക്രൈം ബ്രാഞ്ചിന് കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. തലസ്ഥാനത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം 167 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 855 പേര്‍ അറസ്റ്റിലായെന്നും ദില്ലി പോലീസ് അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പോസ്റ്റിട്ട സംഭവത്തില്‍ 13 കേസുകളും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button