കൊല്ലം : നാടിനെ തീരാ ദു:ഖത്തിലാഴ്ത്തി ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ട ദേവനന്ദയുടെ മരണത്തെ കുറിച്ച് ആഴത്തില്‍ അന്വേഷിയ്ക്കാന്‍ പൊലീസ്. ബുധനാഴ്ച അമ്മൂമ്മയ്ക്കൊപ്പം താല്‍ക്കാലിക പാലം കയറി അക്കരെയുള്ള കൊട്ടറ മിന്നൂര്‍ക്കുളം മാടന്‍നട അമ്പലത്തില്‍ പോയിരുന്നു. ഈ ഓര്‍മയില്‍ കുട്ടി തനിയേ ആ വഴി ഒരിക്കല്‍ കൂടി പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. പാലത്തില്‍ നിന്നും വഴുതി ആറ്റില്‍ വീണതാകാമെന്നാണ് വിലയിരുത്തല്‍.
read also : ദേവനന്ദയുടെ മരണം: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
വീട്ടില്‍ നിന്നും ഈ പാലം വരെ 200 മുതല്‍ 250 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ. വീടിനോട് ചേര്‍ന്നുള്ള മൂന്നുവീടുകള്‍ പിന്നിട്ടാല്‍ ഈ വഴി വിജനമാണ്. പുഴയ്ക്ക് അക്കരെയും ഇക്കരെയും റബര്‍തോട്ടങ്ങള്‍ മാത്രം. പുഴ ഇവിടെ നാലു വളവുകള്‍ തിരിഞ്ഞാണ് ഒഴുകുന്നത്. താല്‍ക്കാലിക പാലത്തിന് കീഴിലൂടെ നല്ല ശക്തിയിലാണ് വെള്ളത്തിന്റെ ഒഴുക്ക്.
മാടന്‍നട ക്ഷേത്രത്തില്‍ സപ്താഹം നടന്നുവരികയാണ്. എല്ലാവര്‍ഷവും ക്ഷേത്രത്തില്‍ സപ്താഹം വരുമ്‌ബോള്‍ പുഴയില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കാറുണ്ട്. ഇളവൂര്‍ ഭാഗത്തുള്ളവര്‍ ഇതുവഴിയാണ് ക്ഷേത്രത്തിലെത്തുന്നത്. സപ്താഹം തീര്‍ന്നാലും പാലം പൊളിക്കില്ല. അടുത്ത മഴക്കാലത്ത് വെള്ളംപൊങ്ങി താനേ തകരുന്നതുവരെ പാലം അവിടെ ഉണ്ടാകുകയാണ് പതിവ്.
ദേവനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കും. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകളുടെ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.
Post Your Comments