കൊല്ലം: പള്ളിമണ്‍ ആറില്‍ മുങ്ങി മരിച്ച ദേവനന്ദയുടെ മരണം സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ഉയരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല എങ്കിലും പൊലീസിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത് റീന എന്ന പൊലീസ് ഡോഗിന്റെ കണ്ടെത്തലുകളാണ്.. ദേവനന്ദ പോയ വഴിയിലൂടെ തന്നെയാണ് റീനയും പോയത്. വിജനമായ പരിസരപ്രദേശവും നിറയെ കുറ്റിക്കാടുകളും താണ്ടി ആള്‍താമസമില്ലാത്ത വീട്ടിലും തിരിച്ച് നടപ്പാതയിലും എത്തി നിന്ന് റീന എന്ന പൊലീസ് ഡോഗ് . ഇത്രയും ദൂരം വിജനമായ പ്രദേശത്തിലൂടെ ഒറ്റയ്ക്ക് പോകുമോ എന്നാണ് ചോദ്യം ഉയരുന്നത്.
കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. നടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്ബിളി) മകളാണ് മരിച്ച ദേവാനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംസ്‌കാര ശേഷം പൊലീസ് വിശദമായി കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ദേവനന്ദ മരണത്തിലേക്കു പോയ വഴി കണ്ടെത്തിയതു ഡോഗ് സ്‌ക്വാഡിലെ റീന ആയിരുന്നു. റീന പോയ വഴിയേ പൊലീസും യാത്ര തുടങ്ങും.
മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാന്‍ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങള്‍ അലക്കാന്‍ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതില്‍ പാതി തുറന്നുകിടന്നിരുന്നു. അയല്‍ക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കണ്ണനല്ലൂര്‍ പൊലീസില്‍ വിവരമറിയിച്ചു. വീടിനടുത്തുള്ള പള്ളിക്കലാറ്റില്‍ അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ തെരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി.
കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീന സ്പോട്ടിലെത്തി. ഹാന്‍ഡ്‌ലര്‍മാരായ എന്‍.അജേഷും എസ്.ശ്രീകുമാറും റീനയ്ക്കൊപ്പമുണ്ടായിരുന്നു. ഹാന്‍ഡ്‌ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി. അതിര്‍ത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയല്‍ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആള്‍ താമസം ഇല്ലാതെ ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമണ്‍ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താല്‍ക്കാലിക നടപ്പാലം വരെയെത്തി.
നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടര്‍ന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി. അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നില്‍ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതില്‍ കൃത്യത ഉണ്ടെന്നാണ് പൊലീസും വിലയിരുത്തുന്നത്. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ നായ പോയ വഴിയിലൂടെ കൊച്ചു ദേവനന്ദയും പോയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വഴിയേ അന്വേഷണ സംഘവും നീങ്ങും.
Post Your Comments