ന്യൂഡല്‍ഹി: ഇന്ത്യയെ അഞ്ചു ദിവസത്തോളം ആശങ്കയിലും ഭീതിയിലും ആഴ്ത്തിയ കലാപം കെട്ടടങ്ങി നഗരം ശാന്തമായതിന് പിന്നാലെ കലാപത്തിനിടയില്‍ പോലീസിന് നേരെ തോക്കു ചൂണ്ടിയ യുവാവിനെ തിരിച്ചറിഞ്ഞു. സീലാംപൂര്‍ സ്വദേശിയായ ഷാരൂഖ് എന്ന 33 കാരനാണ് ഇതെന്നും ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുള്ളതായുമാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പിതാവ് മയക്കുമരുന്ന് കടത്ത് കേസില്‍ ജാമ്യത്തില്‍ കഴിയുന്നയാളാണെന്ന് ഡല്‍ഹി പോലീസ് പറയുന്നു.
സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ തോക്കുധാരിയുമായി മുഖാമുഖം വന്നപ്പോള്‍ ഇയാളെ ലാത്തി വീശി പേടിപ്പിച്ച് ഓടിക്കാന്‍ ശ്രമിച്ചെന്ന് ഡല്‍ഹി പോലീസ് ഓഫീസര്‍ പറഞ്ഞു. ഇയാള്‍ അടുത്തു കൊണ്ടിരുന്നപ്പോള്‍ തന്റെ കയ്യിലുള്ള വടി കാട്ടി ഭയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അല്‍പ്പം അകലെ നിന്നുകൊണ്ട് മറ്റൊരു വശത്തേക്ക് വെടിവെച്ച ശേഷം അയാള്‍ ഓടി മറഞ്ഞതായി പോലീസുകാരന് ദീപക് ദഹിയയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലു ദിവസത്തിന് ശേഷമാണ് ഇയാളെ തിരിച്ചറിഞ്ഞിരിക്കുന്നത്.സംഭവത്തിന്റെ വീഡിയോ ഒരാള്‍ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും പകര്‍ത്തിയത് വൈറലായി മാറിയിട്ടുണ്ട്. ഇയാള്‍ സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു. വഴിയുടെ ഒത്ത നടുക്ക് പോലീസുകാരന് ഒറ്റയ്ക്ക് നില്ക്കുന്നതും ഷാരുഖും മറ്റ് ആറ് ഗുണ്ടകളും ദഹിയയ്ക്ക് നേരെ അടുക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. തോക്ക് വീശിക്കൊണ്ടു ചുറ്റി നടക്കുന്ന ഷാരൂഖ് വായുവിലേക്ക് ഒരു തവണ വെടിവെച്ച ശേഷം ആക്രോശിക്കുന്നു. ഇയാള്‍ നടന്നു പോകുന്നതിന് പിന്നാലെ കല്ലുകള്‍ മഴ പോലെ വന്നു വീഴുന്നതിന്റെയും ടീയര്‍ ഗ്യാസ് പൊട്ടുന്നതിന്റെയും ശബ്ദം പിന്നില്‍ കേള്‍ക്കാം.
ഇതിന് പിന്നാലെയാണ് ഇയാള്‍ പോലീസുകാരന് നേരെ തോക്ക് ചൂണ്ടിയത്.തുടര്‍ന്ന് ഇയാള്‍ പിന്‍വാങ്ങി പോലീസുകാരനെ തള്ളിമാറ്റിയ ശേഷം രണ്ടാം തവണ വലത്തേക്ക് മറ്റൊരു വെടി കൂടി വെച്ച ശേഷം ഓടി മറയുന്നു. നൂറു കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും 42 പേര് കൊല്ലപ്പെടുകയും ചെയ്തതിന്റെ ഭീകരത വെളിവാക്കുന്നതാണ് വീഡിയോ. ഗോപാല്‍പുരി നിന്നു കത്തുന്നതും ഭജന്‍പുരയിലെ ഒരു പെട്രോള്‍ പമ്ബ് കത്തുന്നതും വീഡിയോയില്‍ ഉണ്ട്. മൗജ്പൂരില് അക്രമികള്‍ ഡിവൈഡറുകളും മറ്റും അടിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോയും ഉണ്ട്. ഇതുവരെ 123 കേസുകള്‍ എടുത്ത പോലീസ് 100 പേരെ അറസ്റ്റ് ചെയ്തു. 600 പേരെ പിടി കൂടിയിട്ടുണ്ട്.
Post Your Comments