കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലേക്കെത്തിച്ചത് ആവശ്യത്തിന് സുരക്ഷയൊരുക്കാതെയെന്ന് ആക്ഷേപം. യാത്രാമദ്ധ്യേ വാഹനം കേടായി പെരുവഴിയിൽ കിടക്കേണ്ടി വന്നത് ഒരു മണിക്കൂറിലേറെ നേരമാണ്. ആരുടെയും ശ്രദ്ധയിൽ പെടാതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ, ടയർ പഞ്ചറായതോടെ രഹസ്യ റൂട്ട് പരസ്യമായി. ഒപ്പം, പ്രതിക്ക് യാതൊരു വിധ സുരക്ഷയുമില്ലെന്ന ആരോപണവും ഉയരുന്നു.
പ്രതിയുടെ ഒപ്പമുള്ളത് മൂന്നു പൊലീസുകാർ മാത്രമാണ് എന്നതാണ് മറ്റൊരു കാര്യം. തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോർട്ടുണർ കാറിൽ പ്രതിയെ മാറ്റി കയറ്റി കാസർഗോഡ് അതിർത്തി കടന്നു. ധർമ്മടം റൂട്ടിൽ മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടു. 45 മിനിറ്റോളം വാഹനം റോഡിൽ കിടന്നു. പകരം ജീപ്പ് എത്തിച്ച ശേഷമായിരുന്നു യാത്ര. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം പെരുവഴിയിലായി. പിന്നീടും ഒരുപാട് സമയം കഴിഞ്ഞ് സ്വകാര്യ കാർ എത്തിച്ചായിരുന്നു പ്രതിയെ കോഴിക്കോടേക്ക് കൊണ്ടുവന്നത്.
കോഴിക്കോട്ടെത്തിച്ച് പ്രതിയെ പൊലീസ് ക്യാമ്പിൽ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെക്കുറിച്ച് ചർച്ച ചെയ്യാൻ പുലർച്ചെ പൊലീസ് ഉന്നത തല യോഗം ചേർന്നിരുന്നു. എഡിജിപി യുടെ അധ്യക്ഷതയിലാണ് പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നത്. പ്രതിയുടെ ഉദ്ദേശമെന്തായിരുന്നു, പിന്നിൽ ആരൊക്കെയുണ്ട് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കും.
Post Your Comments