Latest NewsNewsInternational

യുവതിയുടെ അശ്രദ്ധ കൊണ്ടാണ് ഇരുകാലുകളും നഷ്ടപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് പോര്‍ട്ട് അതോറിറ്റി

ന്യൂയോര്‍ക്ക്: 23 കാരിയായ ഓസ്ട്രേലിയന്‍ ടൂറിസ്റ്റ് വിസയ ഹോഫിയുടെ അശ്രദ്ധ മൂലമാണ് രണ്ട് ട്രെയിനുകളിടിച്ചതും തന്മൂലം ഇരു കാലുകളും മുറിച്ചുമാറ്റേണ്ടി വന്നതെന്നും ന്യൂയോര്‍ക്ക് പോര്‍ട്ട് അതോറിറ്റി കോടതിയില്‍ പറഞ്ഞു. ഇരുപതു മിനിറ്റ് ഇടവേളകളില്‍ വന്ന ട്രെയിന്‍ യുവതിയെ ഇടിക്കുകയായിരുന്നുവെന്നും പോര്‍ട്ട് അതോറിറ്റി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ന്യൂയോര്‍ക്ക്-ന്യൂജെഴ്സി ട്രാന്‍സിറ്റ് സിസ്റ്റത്തിന്‍റെ ഉടമസ്ഥതയിലുള്ള പോര്‍ട്ട് അതോറിറ്റി ഓഫ് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവര്‍ക്കെതിരെ യുവതി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് പോര്‍ട്ട് അതോറിറ്റി സത്യവാങ്മൂലം നല്‍കിയത്. ജനുവരി 11-ന് നടന്ന സംഭവത്തിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, പോര്‍ട്ട് അതോറിറ്റിയുടെ അഭിഭാഷകന്‍ അത് നിരസിക്കുകയും യുവതിയുടെ അശ്രദ്ധ കൊണ്ടാണ് ട്രാക്കിലേക്ക് വീണതെന്നും, ഒന്നല്ല രണ്ട് ട്രെയിനുകളാണ് യുവതിയെ ഇടിച്ചതെന്നും പറഞ്ഞു. ജനുവരി 11-ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്.

ഇതൊരു ദാരുണമായ സംഭവമാണ്. പക്ഷെ, ഹര്‍ജിക്കാരിയുടെ അശ്രദ്ധമായ പെരുമാറ്റമാണ് ഈ ദുരന്തം സംഭവിച്ചതെന്ന് പോര്‍ട്ട് അതോറിറ്റി അഭിഭാഷകന്‍ മന്‍‌ഹാട്ടന്‍ സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

23 കാരിയായ ബ്രിസ്ബേന്‍ യുവതി ട്രാക്കിലേക്ക് വീഴാന്‍ കാരണമെന്തെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ല. കൂടാതെ ആവശ്യപ്പെടുന്ന തെളിവുകള്‍ (നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍) നല്‍കുന്നതില്‍ പോര്‍ട്ട് അതോറിറ്റി പരാജയപ്പെടുന്നുവെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 8 ന് ന്യൂയോര്‍ക്ക് സിറ്റിക്ക് അയച്ച നഷ്ടപരിഹാര മുന്നറിയിപ്പില്‍, കേസെടുക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് യുവതി പരാമര്‍ശിക്കുന്നുണ്ട്. ട്രെയിന്‍ സ്റ്റേഷന്റെ പരിസരത്ത് ഉണ്ടായിരുന്ന തകരാറാണ് താന്‍ കാലിടറി ട്രാക്കിലേക്ക് വീഴാന്‍ കാരണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ ‘തകരാറ്’ എന്താണെന്ന് വിശദീകരിച്ചിട്ടില്ല. കാലിടറി വീണപ്പോള്‍ താന്‍ അബോധാവസ്ഥയിലായി എന്നും പറയുന്നു.

സംഭവത്തെക്കുറിച്ച് പോര്‍ട്ട് അതോറിറ്റി പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പോര്‍ട്ട് അതോറിറ്റിയുടെയോ മറ്റേതെങ്കിലും മൂന്നാം കക്ഷികളുടെയോ അവഗണനയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്ന് പോര്‍ട്ട് അതോറിറ്റി അവകാശപ്പെടുന്നു.

കോടതി രേഖകളില്‍ എല്ലാം വിശദമായി എഴുതിയിട്ടുണ്ടെന്ന് വിസയ ഹോഫിയുടെ അഭിഭാഷക ജെസ്സി മിന്‍ക് പറഞ്ഞു. പോര്‍ട്ട് അതോറിറ്റിയുടെ അശ്രദ്ധ വ്യക്തമായി നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളില്‍ കാണാമെന്നും അവര്‍ പറഞ്ഞു.

‘തന്റെ കക്ഷിയാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് പറഞ്ഞ് കൈകഴുകുന്നത് അപഹാസ്യമാണ്. ട്രാക്കില്‍ വീണ ഒരു യാത്രക്കാരന്‍ ഏഴ് മിനിറ്റ് അവിടെ കിടക്കുകയും ഒരു ട്രയിന്‍ കാലിലൂടെ കയറിയിട്ടും 15 മിനിറ്റോളം ഒന്നും ചെയ്യാതിരിക്കുകയും മറ്റൊരു ട്രെയിന്‍ കയറിയിറങ്ങാന്‍ കാത്തിരുന്നതും ക്രൂരമാണ്, മനുഷ്യത്വമില്ലായ്മയാണ്. ട്രെയിന്‍ നടത്തിപ്പുകാര്‍ക്ക് ഉത്തരവാദിത്വങ്ങളുണ്ടെന്ന് അവര്‍ മനസ്സിലാക്കണം,’ ജെസ്സി മിന്‍‌ക് പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Post Your Comments


Back to top button