കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം ചെറിയമ്മയെത്തി സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ വിഡീയോയില്‍ പകര്‍ത്തും.
പുഴയിലേക്ക് കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. എന്നാല്‍ പുഴയില്‍ മണല്‍ വാരിയതിനാല്‍ ആഴത്തിലുള്ള കുഴികളുണ്ടായിരുന്നു. ഇതിനാലാണ് ഇന്നലെ മൃതദേഹം കിട്ടാതിരുന്നതെന്നും വ്യക്തമാകുന്നുണ്ട്. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും സിറ്റി പോലീസ് കമ്മീഷണറും വ്യക്തമാക്കി. എല്ലാതരത്തിലുള്ള ശാസ്ത്രീയ പരിശോധനകളും നടത്തും. ഏതെങ്കിലും തരത്തില്‍ ആരെങ്കിലും അപായപ്പെടുത്തിയതാണെങ്കില്‍, കുറ്റവാളിയെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആക്ഷേപങ്ങളും അന്വേഷിക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മയും നാല് മാസം പ്രായമുള്ള അനിയനുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. 20 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതോടെ പൊലീസും നാട്ടുകാരുമെല്ലാം പാകലും രാത്രിയുമെല്ലാം കുട്ടിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇന്ന് രാവിലെ കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post Your Comments