ന്യൂഡല്‍ഹി: ഞായറാഴ്ച മുതല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വന്‍തോതില്‍ അക്രമം നടത്തിയ ഇരുവിഭാഗത്തെയും ആളുകള്‍ സംഘടിച്ചതു വാട്സ്ആപ് സന്ദേശങ്ങളിലൂടെയെന്നു ഡല്‍ഹി പോലീസ്. 37 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനു പിന്നില്‍ വലിയ തോതില്‍ ഗൂഢാലോചന നടന്നതായും പോലീസ് പറയുന്നു. അറസ്റ്റിലായ നൂറിലേറെ പേരില്‍ നിന്ന് അന്‍പതിലേറെ മൊബൈല്‍ ഫോണുകള്‍ തെളിവിനായി പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി.
ആക്രമണവും ഏറ്റുമുട്ടലും നടത്തിയതു കല്ലും വടിയും കൊണ്ടു മാത്രമല്ലെന്നും നാടന്‍ തോക്കുകള്‍, കത്തികള്‍, മൂര്‍ച്ചയുള്ള ബ്ലേഡുകള്, ഇരുന്പും തടിയും കൊണ്ടുള്ള വടികള്‍, ഇരുന്പു കന്പികള്‍ എന്നിവ തുടങ്ങി പെട്രോള്‍ ബോംബുകളും കുപ്പികളിലും പായ്ക്കറ്റുകളിലും കൊണ്ടുന്ന പെട്രോളും വരെ കിട്ടാവുന്ന സര്‍വ മാരകായുധങ്ങളും കലാപകാരികള്‍ ഉപയോഗിച്ചതായും കണ്ടെത്തി. ആശുപത്രിയിലെത്തിച്ചവരില്‍ 19 പേരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെയും പലതരത്തിലുള്ള മുറിവേറ്റതിന്റെയും പൊള്ളിയതിന്റെയും വരെ അടയാളങ്ങള്‍ കണ്ടതായി ഗുരു തേജ് ബഹാദൂര്‍ (ജിടിബി), ജഗ് പര്‍വേശ് ചന്ദ്ര ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊന്ന് അഴുക്കുചാലിലെറിഞ്ഞ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ (26)യെ അക്രമികള്‍ കൃത്യമായി ലക്ഷ്യം വച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം സ്വന്തം സഹോദരന് അങ്കുര്‍ ശര്‍മയെ അന്വേഷിച്ചിറങ്ങിയ അങ്കിത് കലാപകാരികളുടെ ഇടയില്‍ അവിചാരിതമായി ചെന്നുപെടുകയായിരുന്നു. ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറും നിരവധി കേസുകളില്‍ പ്രതിയുമായ താഹിര്‍ ഹുസൈന്റെ ഓഫീസിലേക്കു പിടിച്ചുകൊണ്ടു പോയി കൊന്ന ശേഷം ഇയാളുടെ മൃതദേഹം ഓടയിലേക്കു വലിച്ചെറിഞ്ഞതായാണു പോലീസ് കേസ്.
ചാന്ദ് ബാഗിലെ സ്വന്തം വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയായിരുന്നു അങ്കിത്. താഹിർ ഹുസൈന്റെ വീടും ഓഫീസും പോലീസ് സീൽ വെച്ചു . അതെ സമയം ഇയാൾ ഒളിവിലാണ്.
Post Your Comments