ന്യൂഡല്‍ഹി: ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് മനോജ് തിവാരി. കലാപത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ ഇരട്ട ശിക്ഷ നല്‍കണമെന്ന് കെജ്രിവാൾ മുമ്പ് പറഞ്ഞിരുന്നു. ഇതിന് തിരിച്ചടിയായി അരവിന്ദ് കെജ്രിവാളിനും ഇരട്ട ശിക്ഷ നല്‍കണമെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും അയാളുടെ നേതാവായ കേജരിവാളിനും ഇരട്ട ശിക്ഷ നല്‍കണം. കേസിലെ പ്രതികളെയും ഗൂഢാലോചനയ്ക്കാരെയും തൂക്കിലേറ്റണമെന്നും തിവാരി ആവശ്യപ്പെട്ടു.
ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ (26) മൃതദേഹം ചാന്ദ്ബാഗില്നിന്നുമാണ് കണ്ടെത്തിയത്. കല്ലേറില്‍ മരിച്ച അങ്കിതിനെ കലാപകാരികള്‍ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വലിയ കലാപം അരങ്ങേറിയ സ്ഥലമാണ് ചാന്ദ്ബാഗ്.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് അങ്കിതിനെ കൊലപ്പെടുത്തിയതെന്ന് പിതാവ് രവീന്ദര്‍ ശര്‍മ ആരോപിച്ചു. മര്‍ദിച്ച ശേഷം അങ്കിതിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നും രവീന്ദര്‍ ശര്‍മ പോലീസിനോട് പറഞ്ഞു. രവീന്ദര്‍ ശര്‍മയും ഐബി ഉദ്യോഗസ്ഥനാണ്.
കൊലപാതകം, തീവയ്പ്, സംഘര്‍ഷം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്തിരിക്കുന്നത്. താഹിര്‍ ഹുസൈന്റെ വീടും ഫാക്ടറിയും പോലീസ് സീല്‍ ചെയ്തു. താഹിര്‍ ഹുസൈന്റെ വീടിനു സമീപം ഓടയില്‍നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം ലഭിച്ചത്. വീട്ടിലേക്കു പോകുന്നവഴി കലാപകാരികള്‍ അങ്കിത് ശര്‍മയെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ പറഞ്ഞു.
Post Your Comments