റിയാദ് : ഉംറ തീർത്ഥാടനം താത്കാലികമായി നിർത്തിവെച്ച് സൗദി അറേബ്യ.സൗദി വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളിൽ ലഭിച്ചത്. ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചെന്നാണ് റിപ്പോർട്ട്. ഇതിനോടകം ടിക്കറ്റും വിസയും ലഭിച്ചവര്‍ ആശങ്കയിലാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് ലോകത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്ക് കൊറോണ ബാധയേറ്റുവെന്നാണ് വിവരം. ഇറാനില്‍ നിന്നെത്തിയവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് മദ്ധ്യപൂര്‍വദേശത്തെ മറ്റ് രാജ്യങ്ങളില്‍ രോഗികളായവരില്‍ അധികവുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ഇറാനുമായുള്ള ബന്ധം കുറയ്ക്കാനും ഇറാനില്‍ നിന്ന് എത്തുന്നവരെ നിയന്ത്രിക്കാനുമുള്ള ശ്രമത്തിലുമാണ് മറ്റു രാജ്യങ്ങൾ.
ഇറാനില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും യുഎഇ ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി. മോശം സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നാണ് യുഎഇ വ്യക്തമാക്കുന്നു. രോഗികളെ പൊതുജന സമ്ബര്‍ക്കത്തില്‍ നിന്ന് മാറ്റി പരിചരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും നിരീക്ഷണ വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ സൗദി അറേബ്യയും ഖത്തറും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ വ്യാപനം തടയാനായി ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 19 മരണങ്ങളാണ് ബുധനാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ ഇറാനിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഡെപ്യൂട്ടി ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത് ഇറാനില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലെന്ന വിലയിരുത്തലുകളുമുണ്ട്. കൂടാതെ ശരിയായ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
Post Your Comments