കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കാണാതായി പത്തുമണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 50 അംഗ സംഘത്തില്‍ സൈബര്‍ വിദഗ്ധരുമുണ്ട്.
പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് ആറുവയസ്സുകാരിയെ ഇന്ന് കാണാതായത്. അമ്മ ധന്യ തുണികഴുകാന്‍ പോകുമ്പോള്‍ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാെല എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാന്‍ പറഞ്ഞു. കുഞ്ഞ് അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് അമ്മ തുണി കഴുകാന്‍ പോയത്. എന്നാല്‍ തിരികെ വന്നപ്പോള്‍ കുട്ടിയെ കണ്ടില്ല. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ദേവനന്ദയുടെ ചിത്രം സോഷ്യല്‍ മീഡിയയിലും ഒട്ടേറെ പേര്‍ പങ്കുവച്ചിരുന്നു. മോഹന്‍ലാലും ചിത്രം പങ്കുവച്ചു.
Post Your Comments