ന്യൂഡല്‍ഹി: ” ഞാൻ ഭയപ്പെട്ടതേയില്ല, എനിക്കു പിന്നില്‍ നില്‍ക്കുന്നവരെക്കുറിച്ചായിരുന്നു ആശങ്ക. ഞാന്‍ നോക്കിനില്‍ക്കെ ആരെങ്കിലും കൊല്ലപ്പെടുന്നതിനെപ്പറ്റി ആലോചിക്കാനാകില്ല. എന്റെ കടമയാണത്, നിര്‍വഹിച്ചേ പറ്റൂ” . പറയുന്നത് വെടിയുതിര്‍ത്തുകൊണ്ട് പാഞ്ഞെത്തിയ കലാപകാരിയുടെ തോക്കിന്‍മുനയില്‍ വിറയ്‌ക്കാതെ, ലാത്തി ചൂണ്ടിനിന്ന പോലീസ് ഉദ്യോഗസ്‌ഥന്‍; 31 വയസുള്ള ദീപക് ദാഹിയ. തോക്കിനു മുന്നില്‍ ലാത്തി ചൂണ്ടുന്ന പോലീസുകാരന്റെ ചിത്രം പിറ്റേന്നായപ്പോഴേക്കും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
അതില്‍ മുഖം വ്യക്‌തമല്ലായിരുന്നെങ്കിലും ജാക്കറ്റിലെ വരകള്‍ കണ്ട് ഭാര്യ തിരിച്ചറിഞ്ഞു.അവൾ ഭയന്നിട്ടുണ്ടാകില്ല; യൂണിഫോമണിഞ്ഞവരുടെ കുടുംബത്തിലേ മരുമകളാണവള്‍. ദാഹിയ പറഞ്ഞു.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമം പടരുന്ന മൗജ്‌പുര്‍ ചൗക്കിലായിരുന്നു ദീപക്കിനു തിങ്കളാഴ്‌ച ഡ്യൂട്ടി. രണ്ടു ചേരിയില്‍നിന്നും കല്ലേറ്. വെടിയൊച്ച കേട്ടാണു നോക്കിയത്. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ചുവപ്പ് ടി-ഷര്‍ട്ടണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ കൈത്തോക്കുമായി പാഞ്ഞുവരുന്നു.
“അയാള്‍ ആരെയെങ്കിലും ലക്ഷ്യം വയ്‌ക്കുന്നതിനു മുമ്പ് അയാളുടെ ശ്രദ്ധതിരിക്കാന്‍ തീരുമാനിച്ചു. നേരേ മുന്നിലേക്കു ചെന്നു. ആകാശത്തേക്കു നിറയൊഴിച്ച അയാള്‍ എനിക്കു നേരേ തോക്കുചൂണ്ടി. പിന്നില്‍ നില്‍ക്കുന്നവര്‍ തോക്കിന്റെ പ്രഹരപരിധിയില്‍നിന്ന് മാറുന്നതുവരെ അങ്ങനെനിന്നു. ലാത്തി അയാള്‍ക്കുനേരേ ചൂണ്ടി. ഒടുവില്‍ അയാള്‍ പിന്തിരിഞ്ഞുനടന്നു.”ദീപക് ദാഹിയയുടെ പിതാവ് തീരരക്ഷാസേന ഉദ്യോഗസ്‌ഥനായിരുന്നു. രണ്ട് ഇളയ സഹോദരന്മാര്‍; ഒരാള്‍ തീരരക്ഷാസേനയിലും ഒരാള്‍ ഡല്‍ഹി പോലീസിലും സേവനമനുഷ്‌ഠിക്കുന്നു.
Post Your Comments