അഹമ്മദാബാദ്: ‘നമസ്‌തേ ട്രംപ്’ പരിപാടി’യില്‍ പരസ്പരം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്‍ള്‍ഡ് ട്രംപും. മോദിയെ ‘ചാമ്പ്യന്‍ ഒഫ് ഇന്ത്യ’ എന്നും ‘രാജ്യത്തിനായി രാപ്പകല്‍ അധ്വാനിക്കുന്ന നേതാവെ’ന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.
”മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനം, സമര്‍പ്പണം എന്നിവയുടെ ജീവിക്കുന്ന തെളിവാണ് താങ്കള്‍. ഇന്ത്യക്കാര്‍ക്ക് എന്തും, ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനാവും. പ്രധാനമന്ത്രി അവിശ്വസനീയമായ ഒരു ഉയര്‍ച്ചയുടെ ചലിക്കുന്ന കഥയാണ്.” – ട്രംപ് പറഞ്ഞു.
തന്റെ അച്ഛന്റെ കൂടെ ചായ് വാല ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയില്‍ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനില്‍ക്കാന്‍ പറഞ്ഞ് ട്രംപ് ഹസ്തദാനം നല്‍കി. എല്ലാവര്‍ക്കും മോദിയെ ഇഷ്ടമാണ് അതേസമയം അദ്ദേഹം വളരെ കര്‍ക്കശക്കാരന്‍ ആണെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക ഇന്ത്യയെ സ്നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കുമെന്നും അദേഹം പറഞ്ഞു. ‘അഞ്ചു മാസം മുമ്പ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്സസിലെ ഫുട്ബോള്‍ സ്റ്റേഢിയത്തില്‍ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിങ്ങള്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ ആതിഥ്യ മര്യാദ ഞങ്ങള്‍ എന്നും ഓര്‍ക്കും. ഇന്ത്യ ഇന്നു ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടം പിടിച്ചിരിക്കുന്നു.’ -ട്രംപ് പറഞ്ഞു.
ഭീകരവാദത്തിന്റെ ഇരകളാണ് ഇന്ത്യയും അമേരിക്കയും. സിറിയയിലേയും ഇറാഖിലേയും ഐഎസ് ഭീകരശൃംഖലയെ നമ്മള്‍ തുടച്ചു നീക്കി കഴിഞ്ഞു. ഐഎസ് തലവന്‍ ബാഗ്ദാദിയെ അടക്കം യുഎസ് സൈന്യം വധിച്ചെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ വികസനത്തിന് അവിടെയുള്ള 40 ലക്ഷം ഇന്ത്യക്കാര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. അതിന് എന്നും ഇന്ത്യന്‍ ജനയോട് അമേരിക്ക കടപ്പെട്ടിരിക്കും.
ഗാന്ധി ഗൃഹമായ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ന് തന്നെ താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിക്കുമെന്നും ട്രംപ് പറഞ്ഞു. ബോളിവുഡ് സിനിമകളെയും യുഎസ് പ്രസിഡന്റ് പ്രശംസിച്ചു. സച്ചിനും വിരാട് കോഹ്ലിക്കും ജന്മം നല്‍കിയ നാടാണ് ഇന്ത്യ. സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും ട്രംപ് സ്മരിച്ചു. ദീപാവലിയും ഹോളിയും ട്രംപിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
ഇന്ന് ചരിത്രം ആവര്‍ത്തിക്കുകയാണെന്നും അഞ്ച് മാസം മുന്‍പ് മാത്രമാണ് ‘ഹൗഡി മോദി’ പരിപാടിയുടെ ഭാഗമായി താന്‍ തന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കയില്‍ ചെന്ന് സന്ദര്‍ശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് മോദി അമേരിക്കന്‍ പ്രസിഡന്റിനുള്ള സ്വാഗത പ്രസംഗം ആരംഭിച്ചത്. ട്രംപിനെ ഹൃദയപൂര്‍വം താന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും മോദി പറഞ്ഞു. ഇത് ഗുജറാത്ത് ആണെങ്കിലും രാജ്യം മുഴുവനായാണ് ട്രംപിനെ സ്വാഗതം ചെയ്യുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കണോമിയില്‍ അമേരിക്കയ്ക്ക് നിക്ഷേപിക്കാനുള്ള അവസരമുണ്ടെന്ന് മോദി നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
Post Your Comments