തിരുവനന്തപുരം : നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‍സി മാറിയെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് സംശയനിഴലിലുള്ളത്. പിഎസ്‍സി പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ ചെയര്‍മാനേയും അംഗങ്ങളേയും മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നും പോലീസ് കോണ്‍സ്‍റ്റബിള്‍ പരീക്ഷ തട്ടിപ്പിലെ അന്വേഷണം പാതിവഴിയില്‍ നിലച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം തമ്പാനൂരിൽ എസ്. എസ് കോവിൽ റോഡിലുള്ള ലക്ഷ്യ, വീറ്റോ എന്നീ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പിഎസ്‍സി പരീക്ഷകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരായ രഞ്ജന്‍ രാജ്, ഷിബു നായര്‍ എന്നീ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ പിഎസ്‍സിയുടെ പേര് ബോര്‍ഡുകളിലും പരസ്യങ്ങളിലും ചേര്‍ക്കുന്നത് തടയാൻ നടപടി. പിഎസ്‍സി കമ്മീഷന്‍ യോഗത്തിലാണ് നടപടി. തലസ്ഥാനത്തെ പരീക്ഷപരിശീലനകേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനുള്ള തീരുമാനത്തിൽ പിഎസ്‍സി എത്തിയത്. പരിശീലന കേന്ദ്രങ്ങള്‍ ഇനി പിഎസ്‍സിയുടെ പേര് ദുരുപയോഗം ചെയ്താല്‍ പൊലീസില്‍ പരാതിപ്പെടാനും യോഗത്തിൽ തീരുമാനമെടുത്തു. ഇത്തരം സ്ഥാപനങ്ങള്‍ പിഎസ്‍സിയുടെ പേര് ദുരുപയോഗം ചെയ്താണ് പരീക്ഷാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments