തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്‌സി കോച്ചിംഗ് സെന്ററുകൾ നടത്തുന്നുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്ലാസെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വകുപ്പ് മേധാവികള്‍ക്ക് കൈമാറാനാണ് തീരുമാനം. പരാതിയില്‍ പിഎസ്‌സി സ്വമേധയാ പരിശോധന നടത്തുമെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞു.
കോച്ചിങ് സെന്‍ററുകള്‍ക്ക് പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരാണെങ്കില്‍ നടപടി സ്വീകരിക്കും. കോച്ചിങ് സെന്‍ററുകളുടെ നിയന്ത്രണം പി.എസ്.സിക്കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. പരാതി ലഭിച്ച കോച്ചിങ്ങ് കേന്ദ്രങ്ങക്കെതിരെ നടപടിയുണ്ടാകുമെന്നും എം.കെ സക്കീര്‍ കൂട്ടിച്ചേര്‍ത്തു.
പിഎസ്‌സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുമായി തിരുവനന്തപുരത്തെ ചില കോച്ചിംഗ് സെന്ററുകള്‍ക്ക് ബന്ധമുണ്ടെന്ന ഉദ്യോഗാര്‍ത്ഥികളുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. ലക്ഷ്യ, വീറ്റ എന്നീ രണ്ട് കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പില്‍ പൊതു ഭരണ വകുപ്പിലെ ഷിബു കെ നായര്‍, രഞ്ജന്‍ നായര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം.
Post Your Comments