കൊൽക്കത്ത: സ്വാമി വിവേകാനന്ദയുടെ പ്രതിമ നശിപ്പിച്ച നിലയിൽ. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബാർവൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചിൽഡ്രൻസ് സ്കൂളിന്‍റെ മുമ്പിലുണ്ടായിരുന്ന പ്രതിമയാണ് തകർത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശനിയാഴ്ച അറിയിച്ചു. എന്നാൽ, ആരാണ് പ്രതിമ തകർത്തതെന്ന് മനസിലായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങൾക്കിടയിലാണ് സംഭവം നടന്നിരിക്കുന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അജീത് സിംഗ് യാദവ് പറഞ്ഞു. റോഡിന്‍റെ അരികിൽ സ്കൂളിനു മുമ്പിലായിട്ട് ആയിരുന്നു പ്രതിമ നിന്നിരുന്നത്. ഇതൊരു ഗ്രാമീണമേഖലയാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് പ്രദേശവാസികളുമായി സംസാരിച്ചിരുന്നു.
അതേസമയം, സി സി ടി വി ഫൂട്ടേജുകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊൽക്കത്തയിൽ നിന്ന് 186 കിലോമീറ്റർ അകലെയാണ് ബാർവൻ. മാ ശാരദ നാനി ദേവി ശിഷു ശിക്ഷ കേന്ദ്രത്തിനു മുമ്പിലുള്ള പ്രതിമ തകർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.അതേസമയം, ഇത് നാലാമത്തെ തവണയാണ് പ്രതിമ തകർക്കാൻ ശ്രമം നടക്കുന്നത്.
Post Your Comments