ചെന്നൈ: സ്‌കൂള്‍ ഭക്ഷണ പദ്ധതി വിവാദത്തിലേയ്ക്ക്… സവാളയും വെളുത്തുള്ളിയും പരമ്പരാഗത ഭക്ഷണങ്ങളില്‍ പെട്ടതല്ല, ഭക്ഷണത്തിന് പിന്നില്‍ ഹിന്ദുത്വ അജണ്ടയില്ല … വെളിപ്പെടുത്തലുമായി കോര്‍പ്പറേഷന്‍ കമ്മീഷണര്‍. സ്‌കൂളുകളില്‍ മികച്ച പ്രഭാത ഭക്ഷണം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ചെന്നൈ കോര്‍പ്പറേഷന്‍ ആരംഭിച്ച ‘കാലൈ ഉണവ് തിട്ടം’ പദ്ധതിയാണ് വിവാദത്തിലായത്. പദ്ധതിയുടെ നടത്തിപ്പ് ബംഗളുരുവില്‍ ഉള്ള ‘ദ അക്ഷയ പാത്ര ഫൗണ്ടേഷന്‍’ എന്ന സന്നദ്ധ സംഘടനയെ ഏല്‍പ്പിച്ചതാണ് വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയത്. ‘സാത്വിക’ ഭക്ഷണങ്ങള്‍ മാത്രം പാകം ചെയ്ത് നല്‍കുന്ന ഈ സംഘടന സവാള, വെളുത്തുള്ളി, മുട്ട എന്നിവ തങ്ങളുടെ ഭക്ഷണ സാധനങ്ങളില്‍ ഉള്‍പ്പെടുത്താറില്ല എന്ന വസ്തുതയാണ് വിവാദം ക്ഷണിച്ചു വരുത്തിയത്.
ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലൊരു സംഘടനയ്ക്ക് തന്നെ കോപ്പറേഷന്‍ കരാര്‍ നല്‍കിയതെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെയും എം.ഡി.എം.കെയും ആരോപിക്കുന്നത്. ഇത് ‘ഭക്ഷണ ഫാഷിസമാ’ണെന്നും ഈ ഭക്ഷണശീലം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നുമാണ് പാര്‍ട്ടികള്‍ പറയുന്നത്.
എന്നാല്‍ ഇതിനുള്ള വിശദീകരണവുമായി ചെന്നൈ കോര്‍പറേഷന്‍ കമ്മീഷണര്‍ പ്രകാശ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. സവാളയും വെളുത്തുള്ളിയും തമിഴ്നാടിന്റെ പരമ്പരാഗത ഭക്ഷണങ്ങളില്‍ പെട്ടതല്ലെന്നും പദ്ധതിക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ടയില്ലെന്നും അദ്ദേഹം പറയുന്നു. ‘ദ ന്യൂസ് മിനിട്ട്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഈ ഭക്ഷണം കഴിക്കാനായി ഒരു കുട്ടിയെ പോലും ഞങ്ങള്‍ നിര്‍ബന്ധിക്കില്ല. ‘അക്ഷയ പാത്ര’ നിര്‍മിക്കുന്ന ഭക്ഷണം ഏറെ രുചികരമാണ്. അതില്‍ പൊങ്കല്‍, റവ, കിച്ച്ടി എന്നിവ ഉള്‍പ്പെടുന്നുണ്ട്. സവാള, വെളുത്തുള്ളി എന്നിവ പാരമ്പര്യ തമിഴ് ഭക്ഷണങ്ങളില്‍ പെടുന്നതല്ല. അത് പിന്നീടാണ് ഇങ്ങോട്ടേക്ക് വന്നത്. അനാവശ്യ താപം പുറപ്പെടുവിക്കും എന്നുള്ളതിനാലാണ് ‘അക്ഷയ പാത്ര’ സവാളയും വെളുത്തുള്ളിയും ‘അക്ഷയ പാത്ര’ ഉപയോഗിക്കാത്തത്.’ അദ്ദേഹം പറഞ്ഞു.
‘എന്നാല്‍ അവരുടെ ഭക്ഷണം പോഷകങ്ങളാല്‍ സമ്ബുഷ്ടമാണ്. എന്റെ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കിട്ടുന്ന കാലത്തോളം ഞാന്‍ സന്തോഷവാനാണ്. ഭക്ഷണം കഴിക്കുംമുന്‍പ് ഞങ്ങള്‍ അവരെക്കൊണ്ട് പ്രാര്‍ത്ഥനയോ ഹിന്ദു ആചാരണങ്ങളോ നടത്താന്‍ നിര്‍ബന്ധിക്കാറില്ല. ‘ ചെന്നൈ കോര്‍പറേഷന്‍ കമ്മീഷണര്‍ പറയുന്നു.
Post Your Comments