തിരുവനന്തപുരം: കനത്ത സുരക്ഷകളോടെ കെ.എ.എസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. മൂന്ന് സ്ട്രീമുകളിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷക്കായി എത്തുക. 1535 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,00,014 പേര്‍ പരീക്ഷ എഴുതുമെന്നാണ് പി.എസ്.സി പറഞ്ഞിരുന്നതെങ്കിലും ഇതുവരെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത് 3,84,661 പേരാണ്. രണ്ടു പേപ്പറുകളിലായി നടക്കുന്നതിനാല്‍ രാവിലെയും ഉച്ചക്കുമായാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ് കെഎഎസ് പ്രാഥമിക പരീക്ഷ. പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ആദ്യ പരീക്ഷയ്ക്കു ശേഷം പുറത്തു പോകുന്നതിനു നിയന്ത്രണമില്ല. ഇവര്‍ ഉച്ചയ്ക്ക് 1.30നു മുന്‍പു തിരികെ എത്തിയാല്‍ മതിയാകും. രാവിലത്തെ പരീക്ഷ എഴുതാത്തവരെ ഉച്ചയ്ക്കു നടക്കുന്ന പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എത്താന്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും സര്‍വീസുകളുണ്ടാകും. ബസുകളുടെ സമയം ഉള്‍പ്പെടെ ഏതു വിവരത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍: 0471 2463799, 94470 71021.
Post Your Comments