അഞ്ജു പാര്‍വതി പ്രഭീഷ്
കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെതിരെ വലിയൊരു ക്യാമ്പയിൻ നടന്നു വരികയാണ്. സൗദി അറേബ്യയിൽ മോഹൻലാൽ മുഖ്യാതിഥിയായി എത്തുന്ന ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന ഒരു പ്രോഗ്രാമുമായി ബന്ധപ്പെടുത്തി അതിനെ ബഹിഷ്കരിക്കാൻ മലയാളികളുടെ ഇടയിൽ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് പ്രവാസലോകത്ത് നടക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണാനും നടനെ നടനായി കാണാനും കലയെ കലയായി കാണാനും കഴിവില്ലാത്ത മതവും രാഷ്ട്രീയവും തലയ്ക്ക് പിടിച്ച ഒരു കൂട്ടർ ഇതിനുമുമ്പും പലവട്ടം ലാലേട്ടനെന്ന നമ്മുടെ സ്വകാര്യ അഹങ്കാരത്തിനെതിരെ ബഹിഷ്കരണവും വിമർശനങ്ങളുമായി രംഗത്തുവന്നിരുന്നു. എന്തായിരിക്കാം എന്തിനുമേതിനും ശ്രീ.മോഹൻലാൽ മാത്രം ഇത്രയേറെ വിമർശിക്കപ്പെടുന്നത്?അതിനുത്തരം ഒന്നു മാത്രമേ ഉള്ളൂ.വിമർശിക്കുന്നവരുടെ ഉള്ളിലെ മോദി വിരുദ്ധത!
ശ്രീ. മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിക്കുന്നതും നോട്ടുനിരോധനത്തെ കുറിച്ച് അഭിപ്രായപ്പെടുന്നതും പൗരത്വഭേദഗതിയെ കുറിച്ച് പ്രതികരിക്കാതിരിക്കുന്നതും അദ്ദേഹത്തിന്റെ തീർത്തും വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങളാണ്. അതിനെയൊക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയവിശ്വാസമായി വളച്ചൊടിച്ച് വാർത്തയാക്കുന്നവരോട് ഒന്നു ചോദിക്കട്ടെ? ശ്രീ. മോഹൻലാൽ എന്ന വ്യക്തി എന്നെങ്കിലും എപ്പോഴെങ്കിലും ആരോടെങ്കിലും
തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ? ജനാധിപത്യരാജ്യമായ ഇന്ത്യയിലെ മറ്റേതൊരു പൗരനെയും പോലെ രാജ്യം അനുവദിച്ചുകൊടുത്തിട്ടുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും രാജ്യത്തോട് ഉത്തരവാദിത്വവുമുള്ള ഇന്ത്യൻ പൗരനാണ് ശ്രീ.മോഹൻലാൽ. ആ പൗരനു രാഷ്ട്രത്തിന്റെ സാരഥിയോട് കൂറും പ്രതിബദ്ധതയും ആദരവും തോന്നുന്നതിൽ തെറ്റുണ്ടോ?
ടെറിട്ടോറിയല്‍ ആര്മിയുടെ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന ശ്രീ മോഹന്‍ലാല്‍ രാജ്യസ്നേഹത്തെക്കുറിച്ച് ബ്ലോഗ് എഴുതിയാല്‍ അതെങ്ങനെ ഒരു മഹാപരാധമാകും? ആ ബ്ലോഗില്‍ രാഷ്ട്രീയപരമായി എന്താണുള്ളത്? സിയാച്ചിൻ അടക്കമുള്ള സുരക്ഷാമേഖലകളിൽ നമുക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന നമ്മുടെ സ്വന്തം പട്ടാളക്കാർക്ക് വേണ്ടി സംസാരിച്ചതു കൊണ്ട് മാത്രം അദ്ദേഹം ഒരു മത വിഭാഗത്തിന്റെ പ്രചാരകനോ അഥവാ ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവോ ആകുമോ?
യശ:ശരീരരായ മുരളിയും ഓ.എൻ.വി കുറുപ്പ് സാറും ചെങ്കൊടിയെ പ്രതിനിധീകരിച്ച് ജനവിധി തേടിയപ്പോൾ ബഹിഷ്കരണമെന്ന വാക്കുമായി ആരും രംഗത്തിറങ്ങിയിരുന്നില്ല .പ്രേംനസീർ കോൺഗ്രസ്സ് പക്ഷത്തു നിന്നും ജനവിധി തേടിയപ്പോൾ ജനാധിപത്യമര്യാദ കാട്ടിയവരായിരുന്നു നമ്മൾ.സോഷ്യൽമീഡിയ സജീവമായ സമയത്ത് ശ്രീ.ഗണേഷ്കുമാറും മുകേഷും ഇന്നസെന്റും അതേ പാർട്ടിയെ പ്രതിനിധീകരിച്ച് ജനവിധി തേടിയപ്പോഴും താരരാജാക്കന്മാർ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു! അന്നത് ജനാധിപത്യപ്രക്രിയയിലെ അഭിപ്രായസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ വ്യക്തിസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ മോദിയെന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയെ സന്ദർശിച്ചതുകൊണ്ടും അദ്ദേഹത്തിന്റെ ചില പരിഷ്കരണങ്ങളെ പിന്തുണച്ചതുക്കൊണ്ടും മലയാളസിനിമയുടെ പേര് ലോകസിനിമയിൽ വരെയെത്തിച്ച അതുല്യപ്രതിഭ വർഗ്ഗീയവാദിയാവുന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രം ചികഞ്ഞെടുക്കുന്നവർ പലപ്പോഴും കണ്ടില്ലെന്നു നടിക്കുന്നതും ചർച്ചയാക്കാത്തതും വിവാദമാക്കാത്തതുമാണ് മോഹൻലാൽ എന്ന മനുഷ്യനിലെ നന്മയിലൂന്നിയ സാമൂഹ്യപ്രതിബദ്ധത. മനുഷ്യ നന്മക്കായി, സാമൂഹിക മാറ്റത്തിനായി തന്റെ ഒട്ടനേകം പരിമിതിക്കകത്ത് നിന്ന് കൊണ്ട് നമുക്കെന്തു ചെയ്യാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ ചിന്തകളാണ് ഒരു കാലത്ത് പതിനായിരങ്ങൾക്ക് ആശ്വാസമായ ഇന്ത്യൻബ്ലഡ്ബാങ്ക്.കോം എന്ന കേരളത്തിലെ ആദ്യത്തെ ഓൺലൈൻ ബ്ലഡ്ബാങ്ക് ഡാറ്റ സൗകര്യം ജനിക്കാൻ കാരണമായത്.
എയ്‌ഡ്‌സ് ബോധവൽക്കരണം, മദ്യ നിർമ്മാർജ്ജനം, വൈദ്യതി ദുരുപയോഗം, റെയിൽവേ ക്രോസ് അശ്രദ്ധ, പുകവലി എന്ന ദുശീലം,ഖാദി പ്രചരണം, നേത്ര ദാനം, അവയവ ദാനം, സാംക്രമികരോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം തുടങ്ങി ഇരുപതോളം സാമൂഹിക ദൗത്യങ്ങളിൽ അദ്ദേഹം സമയം കണ്ടെത്തി , മിക്കതിലും പ്രതിഫലം പോലും ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ അദ്ദേഹം നിരവധി തവണ എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് . അദ്ദേഹത്തിന്റെ സോഷ്യൽ റീച്ച് കപ്പാസിറ്റി”യും ഇമേജുമാണ് മുകളിൽ പറഞ്ഞ അനേകം സാമൂഹിക ദൗത്യങ്ങളിൽ സർക്കാർ അദ്ദേഹത്തെ ഉപയോഗിക്കാൻ കാരണമായത്.അത്തരത്തിലുള്ള സംസ്ഥാനസർക്കാരിന്റെ ദൗത്യങ്ങളിൽ അദ്ദേഹം ഇടപെടുമ്പോൾ എന്തുകൊണ്ട് നമ്മൾ അതിൽ രാഷ്ട്രീയം ചികയുന്നില്ല?
ശ്രീ.മോഹൻലാൽ എന്ന വ്യക്തി ഒരു സാമൂഹിക പരിഷ്കർത്താവോ സാഹിത്യകാരനോ പൊതുപ്രവർത്തകനോ , മാദ്ധ്യമ പ്രവർത്തകനോ, ഒരു കൊടിയടയാളം പേറുന്ന രാഷ്ട്രീയ പ്രവർത്തകനോ അല്ല. അദ്ദേഹം അഭിനയം എന്ന തൊഴിലിടത്തിലെ ചക്രവർത്തി മാത്രമാണ്.അഭിനയം അദ്ദേഹത്തിന്റെ തൊഴിലാണ്.പക്ഷേ ജീവിതം അഭിനയമല്ല.ജീവിതത്തിൽ അദ്ദേഹം അതിന്ദ്രിയശക്തി ഒന്നുമില്ലാത്ത വെറുമൊരു സാധാരണക്കാരനായ മനുഷ്യൻ മാത്രമാണ്.
ആ സാധാരണ മനുഷ്യന്റെ ഇടപെടലുകളിൽ ഒന്ന് മാത്രമാണ് അദ്ദേഹം എഴുതുന്ന ബ്ലോഗുകൾ. ആ ബ്ലോഗുകളെ വേദപുസ്തകമാക്കാനും പാഠപുസ്തകമാക്കാനും പൊതുസമൂഹത്തോട് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ ഒരുപാട് പേരുടെ ചിന്തകളെ ആഴത്തിൽ സ്വാധീനിക്കാൻ അദ്ദേഹത്തിന്റെ വരികൾക്ക് കഴിഞ്ഞിട്ടുണ്ട്.അത് അദ്ദേഹത്തിന്റെ എഴുത്തുകാരനിലെ കഴിവ് ആകാം. തീർത്തും വ്യക്തിപരമായ ഒരാളുടെ ചിന്തകളെ ചോദ്യം ചെയ്യാൻ നമുക്ക് എന്ത് അവകാശം?
മോഹൻലാൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം എഴുതണം, വായിക്കണം., ചിന്തിക്കണം, അഭിപ്രായപ്രകടനം നടത്തണം എന്ന് വാശി പിടിക്കുന്നത് എന്തിന്? മറ്റാരാളുടെ അഭിപ്രായം കേട്ട് ജീവിക്കാതെ ഇരിക്കാൻ നിങ്ങൾക്ക് അവകാശമുള്ളപ്പോൾ നിങ്ങളെന്തിനു അദ്ദേഹത്തിന്റെ അഭിപ്രായത്തിനു വിധിയെഴുത്ത് നടത്തണം?
തൊഴുത്തിൽ കുത്തും പാരവയ്പ്പും ഒട്ടും പുതുമയല്ലാത്ത സിനിമാലോകത്ത് അഭിനയശേഷിയും ആത്മവിശ്വാസവും മാത്രം കൈമുതലായിട്ടുളള,സാധാരണക്കാരനായ ഒരു പതിനെട്ടുകാരൻ ഗോഡ്ഫാദറിന്റെ പിൻബലമൊന്നുമില്ലാതെ നാല്പതുകൊല്ലം മുമ്പ് രംഗത്തുവന്നിട്ട് മുപ്പത്തഞ്ചിലേറെ കൊല്ലമായി ജനഹൃദയങ്ങളിൽ ഒരേ ഒരു താരരാജാവായി വാഴുന്നുവെങ്കിൽ അതിനർത്ഥം ഒന്നേയുള്ളൂ-മോഹൻലാൽ എന്നത് ചങ്കല്ല,ഓരോ മലയാളിയുടേയും നെഞ്ചിലെ ചങ്കിടിപ്പാണ്!
Post Your Comments